Flash News

പാരിസ് ആക്രമണങ്ങള്‍ : ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

പാരിസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ വിവിധയിടങ്ങളില്‍ 130 ഓളം പേരുടെ മരണത്തിനിടയാക്കിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഫ്രഞ്ച് ഭാഷയില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഐഎസ് ഉത്തരവാദിത്തമേറ്റെടുത്തത്. ഫ്രാന്‍സ് ഐഎസിന്റെ ലക്ഷ്യമായിരുന്നുവെന്നും പ്രസ്താവന അറിയിച്ചു. ആക്രമണ സ്ഥലങ്ങള്‍ ശ്രദ്ധാപൂര്‍വം പഠനം നടത്തി. അവിടങ്ങളില്‍ ബെല്‍റ്റ് ബോംബ് ധരിച്ച തങ്ങളുടെ പോരാളികള്‍ യന്ത്രത്തോക്കുകളുമായി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ഐ എസ് പറയുന്നത്.
അതേസമയം ആക്രമണം യുദ്ധ നടപടിയാണെന്ന് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദ് പ്രഖ്യാപിച്ചു. ഗൂഢാലോചന നടന്നത് രാജ്യത്തിനു പുറത്തുനിന്നാണെന്നും അദ്ദേഹം പറഞ്ഞു.തങ്ങളെ മുറിവേല്‍പ്പിക്കാന്‍ ഐഎസിന് സാധിച്ചെങ്കിലും തോല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഹൊളാന്‍ദ് ഓര്‍മിപ്പിച്ചു. തങ്ങളില്‍ ഏല്‍പ്പിച്ച പ്രഹരത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കും. ഫ്രാന്‍സിന്റെ ഇനിയുള്ള നീക്കങ്ങളില്‍ ഐഎസ് ദയ പ്രതീക്ഷിക്കേണ്ടെന്നും ഹൊളാന്‍ദ് പറഞ്ഞു. 11ാം ഡിസ്ട്രിക് 50 ബൗലേവാര്‍ഡിലെ ബറ്റാക്ലന്‍ തിയേറ്റര്‍ ഹാള്‍, 10ാം ഡിസ്ട്രിക് 18 റുഅലിബര്‍ട്ടിലെ ലാ കാരിലോണ്‍ റസ്‌റ്റോറന്റ്, 20 റുഅലിബര്‍ട്ടിലെ ലി പെറ്റിറ്റ് കാബോഡ്ജ് റസ്‌റ്റോറന്റ്, 11ാം ഡിസ്ട്രിക് 92 റുഡെ കാരോണിലെ ലാബെല്ല എക്യുപ് ബാര്‍, വടക്കന്‍ പാരിസ് സെന്റ് ഡെനിസിലെ സ്റ്റാഡെ ഡി ഫ്രാന്‍സ് ഫുട്ബാള്‍ സ്‌റ്റേഡിയം, ഡിലാ റിപബ്ലിക്ക എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ അത്യഗാധമായ ദുഃഖമുണ്ടെങ്കിലും വികാരപരമായി പ്രതികരിക്കരുതെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. സായുധസംഘങ്ങള്‍ ഈ രീതിയില്‍ ഫ്രാന്‍സിനോട് അതിക്രമങ്ങള്‍ക്ക് തുനിഞ്ഞാല്‍ അതിന്റ തിക്തഫലം അവര്‍ അനുഭവിക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
ആക്രമണ പശ്ചാത്തലത്തില്‍ തുര്‍ക്കിയില്‍ നടക്കുന്ന ജി20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രസിഡന്റ് പങ്കെടുക്കില്ല. അതേസമയം, സിറിയയില്‍ ഐഎസിനെതിരേ ഫ്രാന്‍സ് ഇടപെട്ടതാണ് ആക്രമണത്തിന് കാരണമെന്ന് അക്രമി ആക്രോശിച്ചതായി ദൃക്‌സാക്ഷി വ്യക്തമാക്കി. ഇത് നിങ്ങളുടെ പ്രസിഡന്റിന്റെ തെറ്റാണെന്നും സായുധസംഘാംഗം വിളിച്ചു പറഞ്ഞു.
Next Story

RELATED STORIES

Share it