പാരിസ് ആക്രമണം; പ്രതിയുടെ ബ്രസ്സല്‍സിലെ ഒളിയിടം കണ്ടെത്തി

ബ്രസ്സല്‍സ്: നവംബര്‍ 13ലെ പാരിസ് ആക്രമണത്തിനു ശേഷം അക്രമികളില്‍ ഒരാള്‍ താമസിച്ച ബ്രസ്സല്‍സിലെ ഒളിയിടം കണ്ടെത്തിയെന്നു ബെല്‍ജിയം പ്രോസിക്യൂട്ടര്‍മാര്‍. ഷാഇര്‍ബീക്ക് ജില്ലയിലെ അപാര്‍ട്ട്‌മെന്റില്‍നിന്ന് ആക്രമണത്തിലെ പിടികിട്ടാപുള്ളിയായ അബ്ദുസ്സലാമിന്റെ വിരലടയാളവും സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയതായും അവര്‍ അവകാശപ്പെട്ടു.
വ്യാജ പേരിലാണ് അപാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്തത്. സംഭവത്തില്‍ ഒരാളെ നേരത്തേ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റു ബെര്‍ഗിയില്‍ ഡിസംബര്‍ 10നു നടന്ന റെയ്ഡില്‍ സ്‌ഫോടകവസ്തുക്കളും സ്‌ഫോടകവസ്തുക്കള്‍ കടത്താന്‍ ഉപയോഗിച്ച ബെല്‍റ്റുകളും കണ്ടെത്തിയതായി ബെല്‍ജിയന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരുടെ ഓഫിസ് അറിയിച്ചു. ആക്രമണത്തില്‍ പങ്കാളിയെന്നു പോലിസ് കരുതുന്ന ബ്രസ്സല്‍സില്‍ ജനിച്ച ഫ്രഞ്ച് പൗരനായ അബ്ദുസ്സലാമി (26)നായി പോലിസ് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.
ബെല്‍ജിയത്തില്‍നിന്ന് അബ്ദുസ്സലാം വാടകയ്‌ക്കെടുത്ത കാര്‍ 89 പേര്‍ കൊല്ലപ്പെട്ട ബാറ്റക്ലാന്‍ കണ്‍സേര്‍ട്ട് ഹാളിനു സമീപത്തുനിന്നു കണ്ടെടുത്തിട്ടുണ്ട്. കൂടാതെ, മറ്റൊരു കാറും ഇയാള്‍ വാടകയ്‌ക്കെടുത്തിരുന്നു. ആക്രമണത്തിനു മുമ്പ് പാരിസിനു പുറത്ത് രണ്ടു ഹോട്ടല്‍ മുറികള്‍ വാടകയ്‌ക്കെടുത്തതായും സൂചനയുണ്ട്.
Next Story

RELATED STORIES

Share it