പാരിസ് ആക്രമണം: ഇന്ത്യന്‍ നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: പാരിസില്‍ 100ലേറെ പേരുടെ മരണത്തിനിടയാക്കിയ അക്രമസംഭവങ്ങളെത്തുടര്‍ന്ന് ഡല്‍ഹിയിലെയും മുംബൈയിലെയും പ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഇരു നഗരങ്ങളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളടക്കമുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ അതാതു നഗരങ്ങളിലെ പോലിസിന് ഇന്റലിജന്‍സ് ഏജന്‍സികള്‍ നിര്‍ദേശം നല്‍കിയതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അതിര്‍ത്തികളിലും സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തലസ്ഥാനത്തെ നയതന്ത്ര കാര്യാലയങ്ങള്‍, ഇന്ദിരാഗാന്ധി അന്തര്‍ദേശീയ എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷനുകള്‍, മെട്രോ കേന്ദ്രങ്ങള്‍, പ്രധാന ഹോട്ടലുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ മെച്ചപ്പെടുത്തി.അതിനിടെ, മുംബൈയില്‍ 2008ല്‍ നടന്ന തരത്തിലുള്ള ആക്രമണപരമ്പരയാണ് പാരിസില്‍ നടന്നതെന്ന നിരീക്ഷണങ്ങളും ചില കോണുകളില്‍ നിന്നും ഉയര്‍ന്നുവന്നു. മുംബൈയിലെ അക്രമത്തിനു ശേഷം വേറൊരിടത്തും കാണാത്ത ആസൂത്രണമാണ് പാരിസിലെ അക്രമങ്ങള്‍ കാണിക്കുന്നത് എന്ന് അമേരിക്കയുടെ ദേശീയ ഭീകരവിരുദ്ധകേന്ദ്രം മുന്‍ മേധാവി മിഷയേല്‍ ലെയിറ്റര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it