പാരിസ്ഥിതിക അനുമതിയില്ലാത്ത ക്വാറികള്‍ പ്രവര്‍ത്തിക്കേണ്ട: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് പാരിസ്ഥിതികാനുമയില്ലാത്ത ക്വാറികള്‍ പ്രവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി. പാരിസ്ഥിതികാനുമതിയില്ലാതെ ചെറിയ കാലയളവില്‍ പോലും ക്വാറികള്‍ പ്രവര്‍ത്തിക്കരുതെന്നും ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ഉത്തരവിട്ടു. 2011ന് മുമ്പ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ക്വാറികള്‍ക്ക് വര്‍ഷം തോറും ലൈസന്‍സ് പുതുക്കി നല്‍കുന്നത് നിയമവിരുദ്ധമാണെന്നും ഇത്തരം ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നും ഉത്തരവിട്ടു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്വാറികളുടെ പ്രവര്‍ത്തനം അനിവാര്യമെന്ന വാദമുണ്ട.് എന്നാല്‍, പരിസ്ഥിതി മലിനീകരണവും ക്വാറികള്‍ മൂലമുള്ള നാശനഷ്ടങ്ങളും ബുദ്ധിമുട്ടുകളുണ്ടാക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ദീപക്കുമാര്‍ കേസിലെ സുപ്രിംകോടതി ഉത്തരവ് പ്രകാരം വനം പരിസ്ഥിതി മന്ത്രാലയം ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി നിര്‍ബന്ധമാക്കി വിജ്ഞാപനമിറക്കി. ഇതിന് പിന്നാലെ കേരള ഹൈക്കോടതിയും പാരിസ്ഥിതികാനുമതിയില്ലാത്തവ പ്രവര്‍ത്തിക്കരുതെന്ന് ഉത്തരവിട്ടു.
വനം വകുപ്പിന്റെ ഉത്തരവിറങ്ങിയ 2012 മെയ് 18ന് മുമ്പ് തുടങ്ങിയതും നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമായ അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി വേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ടായെങ്കിലും അഞ്ച് ഹെക്ടറില്‍ താഴെയുള്ളവയുള്‍പ്പെടെ എല്ലാ ക്വാറികള്‍ക്കും അനുമതി നിര്‍ബന്ധമാണെന്ന് പിന്നീട് വ്യക്തത വരുത്തിയിരുന്നു. അതിനാല്‍, അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്കും പാരിസ്ഥിതികാനുമതി ആവശ്യമാണ്. കേസ് സുപ്രിംകോടതിയിലിരിക്കെ 2011ന് മുമ്പ് പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് പാരിസ്ഥികാനുമതിയില്ലാതെ തന്നെ പരമാവധി ഒരു വര്‍ഷത്തേക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുമെന്ന വാഗ്ദാനം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുണ്ടായിരുന്ന ക്വാറികള്‍ക്ക് ഓരോ വര്‍ഷവും പെര്‍മിറ്റ് പുതുക്കി നല്‍കിക്കൊണ്ടിരിക്കുന്നത്.
സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം ദീപക്കുമാര്‍ കേസിലെ സുപ്രിംകോടതി വിധിയെ മറികടക്കാന്‍ പര്യാപ്തമായ ഒന്നല്ല. പാരിസ്ഥിതികാനുമതിയില്ലാതെ പെര്‍മിറ്റ് നല്‍കാമെന്ന് കോടതി ഉത്തരവുണ്ടെന്നും ഇത് ഡിവിഷന്‍ ബെഞ്ച് സ്ഥിരീകരിച്ചിട്ടുണ്ടെന്നുമുള്ള ക്വാറി ഉടമകളുടെ വാദം സിംഗിള്‍ ബെഞ്ച് തള്ളി. കണ്ണൂര്‍ ആലക്കോട്ടെ ക്വാറികളുടേതടക്കം ഒരു കൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്.
വന്യ ജീവി സംരക്ഷണ കേന്ദ്രത്തില്‍നിന്ന് പത്ത് കിലോമീറ്റര്‍ പരിധിക്കകത്തായതിനാല്‍ കണ്ണൂര്‍ ആലക്കോട് പ്രവര്‍ത്തിക്കുന്ന ഹരജിക്കാരന്റെ ക്വാറിക്ക് പ്രവര്‍ത്തനാനുമതി നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന സ്ഥലം എന്ന നിലയിലും ഇവിടെ അനുവദനീയമല്ല. രണ്ടിടത്ത് ക്വാറി പ്രവര്‍ത്തിപ്പിക്കുന്ന ഒരു ഉടമയ്ക്ക് ഒരിടത്തേക്ക് ലഭിച്ച പാരിസ്ഥിതികാനുമതി ഉപയോഗിച്ച് രണ്ടും പ്രവര്‍ത്തിപ്പിക്കാനാവില്ല. ഉടമയ്ക്കല്ല, ക്വാറി പ്രവര്‍ത്തനം നടത്തേണ്ട സ്ഥലത്തിനാണ് അനുമതി വേണ്ടതെന്ന് കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it