palakkad local

പാരിസ്ഥിതികാനുമതി ഇല്ല; അനധികൃത ക്വാറികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്

പാലക്കാട്: മുതലമടയിലെ ഒന്ന്, രണ്ട് വില്ലേജുകളില്‍ പാരിസ്ഥിതികാനുമതിയില്ലാത്ത മുഴുവന്‍ ക്വാറികളുടേയും പ്രവര്‍ത്തനം അടിയന്തിരമായി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. ക്വാറികള്‍ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന റവന്യു അധികൃതരുടെ റിപ്പോര്‍ട്ട് നിലവിലിരിക്കെ പാരിസ്ഥികാനുമതിയില്ലാതെ തന്നെ പ്രവര്‍ത്തനാനുമതി നല്‍കിയ ജിയോളജിസ്റ്റിന്റെ നടപടി സംശയാസ്പദമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.
പരിസ്ഥിതി പ്രവര്‍ത്തകനായ മുതലമട സ്വദേശി സുമന്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. മുതലമടയിലെ വന്‍തോതിലുള്ള മണ്ണെടുപ്പ് മൂലം മണ്ണിടിച്ചിലുള്‍പ്പെടെയുള്ള പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാകുന്നതായി അസി. കലകട്‌റും തഹസീല്‍ദാറും പഠനം നടത്തി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മേഖലക്ക് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയുള്ള ചുള്ളിയാര്‍ ഡാമിന്റെ തകര്‍ച്ചക്ക് പോലും ഖനനം കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. റേഞ്ച് ഫോറസ്റ്റ് ഓഫീസറും പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് ക്വാറികള്‍ കാരണമാകുന്നതായി ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മേഖലയില്‍ പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നും പാരിസ്ഥിതികാനുമതിയുടെ അടിസ്ഥാനത്തിലല്ലാതെ പ്രവര്‍ത്തനാനുമതി നല്‍കരുതെന്ന ആവശ്യവും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.
തിരുവനന്തപുരം ആക്കുളത്തെ സെന്റര്‍ ഫോര്‍ എര്‍ത്ത് സ്റ്റഡീസ് നടത്തിയ പഠനവും മേഖലയിലെ ഖനനമുണ്ടാക്കുന്നതും ഉണ്ടാക്കിയേക്കാവുന്നതുമായ ദുരന്തങ്ങള്‍ ചുണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോര്‍ട്ടുകളുടെയെല്ലാം അടിസ്ഥാനത്തില്‍ മുതലമടയിലെ ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കേണ്ടതുണ്ടോയെന്ന് തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ 2013ല്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. എന്നാല്‍, ഇപ്പോഴും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് ഒരു മാസത്തിനകം അറിയിക്കാന്‍ കോടതി ഉത്തരവിട്ടു. റവന്യൂ അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഖനന മേഖലയില്‍ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുമെന്ന ഹരജിക്കാരന്റെ ആശങ്കക്ക് പ്രഥമദൃഷ്ട്യാ അടിസ്ഥാനമുള്ളതായി കോടതി നിരീക്ഷിച്ചു. പഠന റിപ്പോര്‍ട്ടുകളും നിലവിലെ അവസ്ഥയും പരിശോധിക്കാതെയും വേണ്ട വിധം മനസ് അര്‍പ്പിക്കാതെയുമുള്ള ജിയോളജിസ്റ്റിന്റെ തീരുമാനം സംശയകരമാണ്. പാരിസ്ഥിതികാനുമതിയില്ലാതെ ഒരു ക്വാറികളും മുതലമടയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ജില്ലാ ഭരണകൂടവും ജിയോളജിസ്റ്റും ഉറപ്പാക്കണം. ജിയോളജിസ്റ്റ് അനുമതി നല്‍കിയത് ശരിയായ നടപടിയാണോയെന്ന് കോടതിയെ അറിയിക്കണമെന്ന് ആക്കുളം സെന്റര്‍ ഫോര്‍ എര്‍ത്ത് സ്റ്റഡീസിനെ ഹരജിയില്‍ കക്ഷി ചേര്‍ത്ത്‌കൊണ്ട് കോടതി ഉത്തരവിട്ടു.
അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കലക്ടര്‍ ഉറപ്പുവരുത്തണം. നിലവില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി ഉടമകളുടെ വിവരം ജിയോളജിസ്റ്റ് നല്‍കണം. ഖനനാനുമതിക്ക് നല്‍കിയ പാട്ട ഭൂമിയില്‍ നിന്ന് 0.3319 ഹെക്ടര്‍ ഒഴിവാക്കിയതിന്റെ നിയമപരമായ കാരണം മൈനിങ് ജിയോളജി ഡയറക്ടര്‍ അറിയിക്കണം. മറ്റ് ക്വാറി ഉടമകളെ കൂടി ഹരജിയില്‍ കക്ഷി ചേര്‍ക്കാന്‍ ഹരജിക്കാരനോടും കോടതി നിര്‍ദേശിച്ചു. 6.4561ഹെക്ടറില്‍ പാട്ട അടിസ്ഥാനത്തില്‍ ഖനനത്തിന് അനുമതി ലഭിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തിച്ചു വന്ന തോംസണ്‍ മെറ്റല്‍സിന് പാരിസ്ഥിതികാനുമതിയില്ലാതെ പ്രവര്‍ത്തനം തുടരാന്‍ ജിയോളജിസ്റ്റ് അനുമതി നല്‍കി. കേരള ഭൂപരിഷ്‌കരണ നിയമ പ്രകാരം 1.2874 ഹെക്ടര്‍ ഭൂമി മിച്ചഭൂമിയെന്ന പേരില്‍ സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നു. ഇതോടെ അളവ് 5.1687ഹെക്ടറായി. പിന്നീട് സംരക്ഷിത മേഖല എന്ന പേരില്‍ 0.3319 ഹെക്ടര്‍ കൂടി ഒഴിവാക്കിയതോടെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണത്തിന്റെ പരിധിയാ അഞ്ച് ഹെക്ടര്‍ എന്നതിന് താഴെ 4.8368 ഹെക്ടറായി. ഇതേ തുടര്‍ന്നാണ് അഞ്ച് ഹെകടറിന് മുകളില്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പാരിസ്ഥിതികാനുമതി വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ ഇളവ് ബാധകമാക്കി ഇവര്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്. 2012 മെയ് 18ന് പ്രവര്‍ത്തിച്ചു വരുന്ന അഞ്ച് ഹെകട്‌റില്‍ താഴെയുള്ള ക്വാറികള്‍ക്ക് പ്രവര്‍ത്തനം തുടരാമെന്ന ഇളവാണ് സ്ഥാപനത്തിന് ബാധകമാക്കിയത്.
Next Story

RELATED STORIES

Share it