പാരിസില്‍ റെയ്ഡിനിടെ വെടിവയ്പ്, സ്‌ഫോടനം; രണ്ടു പേര്‍ കൊല്ലപ്പെട്ടു

പാരിസ്: ഫ്രഞ്ച് തലസ്ഥാനത്തെ ആക്രമണത്തിന്റെ സൂത്രധാരനെന്നു സംശയിക്കുന്ന അബ്ദുല്‍ ഹാമിദ് അബൗദിനെ പിടികൂടാനുള്ള ശ്രമത്തിനിടെ സ്‌ഫോടനവും വെടിവയ്പും. അബൗദും സംഘവും ഒളിഞ്ഞിരിക്കുന്നുവെന്നു വിവരം ലഭിച്ച പോലിസും സൈനികരും സംയുക്തമായാണ് പാരിസ് നഗരത്തിനടുത്ത സെന്റ് ഡെന്നിസിലെ ഫഌറ്റ് ഇന്നലെ പുലര്‍ച്ചെ വളഞ്ഞത്.
പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ ശരീരത്തില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തുക്കള്‍ പൊട്ടിച്ചു യുവതി ചിതറിത്തെറിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. മറ്റൊരാള്‍ പോലിസ് വെടിയേറ്റു മരിച്ചു. ഏഴു പേരെ അറസ്റ്റ് ചെയ്ത പോലിസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഏഴു മണിക്കൂറോളം നീണ്ട നടപടി ഉച്ചയോടെയാണ് അവസാനിച്ചത്. എന്നാല്‍, ബെല്‍ജിയം സ്വദേശിയായ അബൗദ് അറസ്റ്റിലായവരിലുണ്ടോ എന്നു വ്യക്തമല്ല.
പുലര്‍ച്ചെ 4നു നഗരത്തിലെത്തിയ പോലിസും സൈനികരും ഫഌറ്റില്‍ ഉള്ളവരെ ഒഴിപ്പിച്ച ശേഷമാണ് അകത്തേക്കു കടന്നത്. അബൗദിനു പുറമേ വെള്ളിയാഴ്ച ആക്രമണം നടത്തിയവരില്‍ പ്രധാനിയെന്നു സംശയിക്കുന്ന സലാഹ് അബ്ദുല്‍ സലാമും ഫഌറ്റിലുണ്ടെന്ന് ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം ഫ്രഞ്ച് പോലിസ് സ്ഥിരീകരിച്ചിട്ടില്ല.
അതിനിടെ, പടിഞ്ഞാറന്‍ പാരിസിലെ അരിജി, തുലുസ് എന്നിവിടങ്ങളിലും ഇന്നലെ വ്യാപകമായ റെയ്ഡ് നടന്നു. അടിയന്തരാവസ്ഥ മൂന്നു മാസം കൂടി നീട്ടുന്ന കാര്യം പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദ് മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്തു. ഇന്നോ നാളെയോ ഇക്കാര്യത്തില്‍ പാര്‍ലമെന്റ് തീരുമാനമെടുക്കും.
കനത്ത ജാഗ്രത തുടരുന്നതിനിടയിലും യൂറോപ്പ് ഭീതിയിലാണ്. ബോംബ്ഭീഷണിയുള്ളതിനാല്‍ ഹാനോവറില്‍ ജര്‍മനിയും നെതര്‍ലന്‍ഡ്‌സും തമ്മിലുള്ള ഫുട്‌ബോള്‍ മല്‍സരം ഉപേക്ഷിച്ചു.
Next Story

RELATED STORIES

Share it