പാരാമെഡിക്കല്‍ കോളജ് അടുത്ത അധ്യയന വര്‍ഷം ആരംഭിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

കോട്ടയം: പട്ടികജാതി വിഭാഗക്കാര്‍ക്കായി ആലപ്പുഴയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പാരാമെഡിക്കല്‍ കോളജില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ കോഴ്‌സ് തുടങ്ങണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ ബി കോശി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. 4.83 കോടി രൂപ മുടക്കി 2013 ആഗസ്തില്‍ കോളജ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി വൈദ്യുതീകരിച്ചതാണ്.
നിര്‍മാണം പൂര്‍ത്തീകരിച്ച് പൊതുമരാമത്ത് വകുപ്പ് ആരോഗ്യ വകുപ്പിന് കൈമാറിയിട്ടും ഇക്കാലമത്രയും കോഴ്‌സ് തുടങ്ങാത്തതിനെതിരേ മനുഷ്യാവകാശ സംരക്ഷണസമിതി കമ്മീഷന് പരാതി നല്‍കിയിരുന്നു. അതിന്റെയടിസ്ഥാനത്തില്‍ കമ്മീഷന്‍ വിശദീകരണമാരാഞ്ഞപ്പോള്‍ കോഴ്‌സ് തുടങ്ങാനായി 36 സ്റ്റാഫിന്റെ ആവശ്യമുണ്ടെന്നും അതിനാവശ്യമായ പണം കണ്ടെത്തേണ്ടതുണ്ടെന്നുമാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.
ഈ മറുപടിയില്‍ തൃപ്തരാവാതെ സമിതി വീണ്ടും കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കമ്മീഷന്‍ വീണ്ടും നോട്ടീസ് അയച്ചപ്പോഴാണ് സര്‍ക്കാര്‍ പ്രതിനിധിയെ വിളിപ്പിച്ച് പുതിയ നിര്‍ദേശം നല്‍കിയത്. പട്ടികജാതി വിഭാഗങ്ങള്‍ക്കായി കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പാരാമെഡിക്കല്‍ കോളജ് ആരംഭിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ഫണ്ടിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടി ആലപ്പുഴ മാത്രമായി തീരുമാനിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it