Kerala

പാരമ്പര്യപ്പൊലിമയില്‍ തൃശൂര്‍ പൂരം ഇന്ന്

തൃശൂര്‍: ആശങ്കകളും അനിശ്ചിതത്വവും ഒഴിഞ്ഞതോടെ തൃശൂര്‍ പൂരത്തിനു തുടക്കമായി. പാണ്ടിമേളവും പഞ്ചവാദ്യവും സമ്മേളിക്കുന്ന ദിനമാണിന്ന്. തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരുടെ വര്‍ഷാന്ത്യ കൂടിക്കാഴ്ചയാണു പൂരത്തിന്റെ കേന്ദ്രബിന്ദു. ഇന്നലെ നൈതലക്കാവ് ദേശക്കാര്‍ ആഘോഷമായി എഴുന്നള്ളിയെത്തി വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം തുറന്ന് പൂരവിളംബരം നടത്തി.
മൂന്നാംതവണയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന കൊമ്പനാണു തിടമ്പേറ്റിയത്. ഇന്നു പുലര്‍ച്ചെ ആചാരവെടി മുഴങ്ങുന്നതോടെ 36 മണിക്കൂര്‍ നീളുന്ന പൂരക്കാഴ്ചകള്‍ ആരംഭിക്കും. മേളപ്പെരുക്കവും കുടമാറ്റവും വെടിക്കെട്ടും ആസ്വദിക്കാന്‍ ജനലക്ഷങ്ങള്‍ ഒഴുകിയെത്തും. കൊല്ലം പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പൂരം നടക്കുമോയെന്ന കാര്യം സംശയമായിരുന്നു. കോടതി രാത്രികാല വെടിക്കെട്ടുകള്‍ നിരോധിക്കുകയും വനംവകുപ്പ് ആനയെഴുന്നള്ളിപ്പിനു കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ഈവര്‍ഷം പൂരം ചടങ്ങിലൊതുക്കാന്‍ തീരുമാനിച്ചിരുന്നു. കോടതിയും സര്‍ക്കാരും കനിഞ്ഞതോടെയാണു വീണ്ടും പൊലിമയോടെ പൂരമെത്തിയത്. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും വെടിക്കെട്ടിനു കര്‍ശന പരിശോധനകളും ഏര്‍പ്പെടുത്തി. ജില്ലാ ഭരണകൂടവും പോലിസും ഫയര്‍ഫോഴ്‌സും വനംവകുപ്പും ദുരന്തനിവാരണ വിഭാഗവും ജാഗ്രതയിലാണ്.
രാവിലെ എട്ട് ക്ഷേത്രങ്ങളില്‍നിന്നു ചെറു പൂരങ്ങള്‍ വടക്കുംനാഥ ക്ഷേത്രത്തിലേക്കു പുറപ്പെടും. 12ഓടെ പൂരങ്ങള്‍ കൊട്ടിക്കലാശിക്കും. രാവിലെ 11നു ശേഷം പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ തിരുവമ്പാടി ഭഗവതി എഴുന്നള്ളും. 12ന് പാറമേക്കാവ് ഭഗവതി ആനപ്പുറത്തേറി ആനകളുടെ അകമ്പടിയോടെ ക്ഷേത്രമുറ്റത്ത് അണിനിരക്കും. തിരുവമ്പാടിയുടെ പഞ്ചവാദ്യം, പാറമേക്കാവിന്റെ പാണ്ടി എന്നിവയാണ് ഗംഭീര മേളങ്ങള്‍. പാറമേക്കാവ് വിഭാഗം എഴുന്നള്ളി വടക്കുംനാഥ ക്ഷേത്രത്തിലെത്തി ഇലഞ്ഞിത്തറ മേളം നടത്തും. ഇരുവിഭാഗവും മേളം പൂര്‍ത്തിയാക്കി തെക്കേഗോപുരം ഇറങ്ങി മുഖാമുഖം അണിനിരന്നാല്‍ കുടമാറ്റം, ഭഗവതിമാരുടെ കൂടിക്കാഴ്ചയോടെ പകല്‍പ്പൂരത്തിന് അവസാനമാവും. പിന്നീടാണു വെടിക്കെട്ട്.
Next Story

RELATED STORIES

Share it