Idukki local

പാമ്പാടുംചോലയില്‍ പരിസ്ഥിതി സൗഹൃദ സസ്യജാലമൊരുക്കാന്‍ പദ്ധതി

ഇടുക്കി: ഇരവികുളം നാഷനല്‍ പാര്‍ക്കിന് കീഴിലെ പാമ്പാടുംചോലയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.വനത്തിലും പുല്‍മേടുകളിലുമായുള്ള ഗ്രാന്‍ഡിസ് മരങ്ങള്‍ നീക്കം ചെയ്ത് പരിസ്ഥിതിക്കിണങ്ങിയ സസ്യജാലങ്ങള്‍ ക്രമീകരിക്കുന്ന പദ്ധതിയാണ് തുടങ്ങിയത്.
മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന്റെയും കോട്ടയം നേചര്‍ ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പദ്ധതി. ചോലയിലെ ഗ്രാന്‍ഡിസ് മരങ്ങള്‍ ആവാസവ്യവസ്ഥയ്ക്ക് പ്രതികൂലവും ജലസ്രോതസ്സുകള്‍ക്ക് തടസ്സവുമായതോടെയാണ് പുതിയ പദ്ധതി വിഭാവനം ചെയ്തത്. ഗ്രാന്റിസ് മരങ്ങളുടെ ആധിക്യം മൂലം വട്ടവട, കോവിലൂര്‍ പ്രദേശത്ത് ജലക്ഷാമം നേരിടുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു.
ചോലയിലെ 39 ഹെക്ടറോളം വരുന്ന പ്രദേശത്താണ് മരങ്ങള്‍ വെട്ടിനീക്കി കത്തിച്ച് നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കടപുഴകിയതും കത്തിനശിച്ചതുമായ മരങ്ങള്‍ മണ്ണൊലിപ്പ് തടയുന്നതിനാണ് ഉപയോഗിക്കുന്നത്. 2003ല്‍ സംസ്ഥാനത്തെ ചോലവനങ്ങളും പ്രത്യേകിച്ച് മൂന്നാര്‍, ദേവികുളം തുടങ്ങിയ സ്ഥലങ്ങളിലെ പുല്‍മേടുകളും സംരക്ഷിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു.
ഏഴുമാസങ്ങള്‍ക്കു മുമ്പ് ഇവിടെയുണ്ടായ കാട്ടുതീയില്‍ വലിയതോതിലുള്ള നഷ്ടം സംഭവിച്ചിരിന്നു. ഇത് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വലിയ അനുഗ്രഹമായെന്ന് വനം അധികൃതര്‍ പറയുന്നു. കത്തി നശിച്ച സ്ഥലങ്ങള്‍ സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. തുടര്‍ന്ന് 11 ഘട്ടങ്ങളിലൂടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും.
മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന്‍ വാര്‍ഡന്‍ ജി പ്രസാദ്, ചോല നാഷനല്‍ പാര്‍ക്ക് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇ കെ സിബി, കോട്ടയം നേചര്‍ ക്ലബ്ബിലെ ഡോ. ഉണ്ണിക്കൃഷ്ണന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.
Next Story

RELATED STORIES

Share it