പാമൊലിന്‍: പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു

തിരുവനന്തപുരം: പാമൊലിന്‍ കേസില്‍ വിജിലന്‍സ് കോടതിയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് അവസാനദിനത്തിലും പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെയാണു സഭ പ്രക്ഷുബ്ധമായത്.
നടുത്തളത്തിലിറങ്ങി ബഹളംവച്ച പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി സഭാനടപടികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ പ്രസംഗത്തിനിടെ ഭരണപക്ഷവും മുദ്രാവാക്യം മുഴക്കി. സ്പീക്കര്‍ എന്‍ ശക്തന്‍ സഭ നിര്‍ത്തിവച്ച് ഇരുവിഭാഗവുമായും ചര്‍ച്ച നടത്തിയെങ്കിലും സമവായമുണ്ടായില്ല. തുടര്‍ന്ന് ഇന്ന് നിശ്ചയിച്ചിരുന്ന അജണ്ടകള്‍കൂടി ഇന്നലെ പരിഗണിച്ചശേഷം സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുന്നതില്‍നിന്ന് പ്രതിപക്ഷം വിട്ടുനിന്നു. രാജു എബ്രഹാമാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയത്. മുതിര്‍ന്ന രണ്ട് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയ വിജിലന്‍സ് കോടതി വിധി സ്വാഗതം ചെയ്യുകയാണെന്നും ഇതു തന്റെ നിലപാടിനുള്ള അംഗീകാരമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി നല്‍കി.
പാമൊലിന്‍ ഇടപാടില്‍ അഴിമതിയില്ലെന്ന് ബോധ്യമുള്ളതുകൊണ്ടാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ആ തീരുമാനം ശരിയാണെന്ന് കോടതിവിധിയിലൂടെ വ്യക്തമായി. ഇടപാടില്‍ സര്‍ക്കാരിന് ഒരുരൂപ പോലും നഷ്ടം വന്നിട്ടില്ല. ലഭിക്കുമായിരുന്ന ലാഭത്തില്‍ രണ്ടുകോടിയുടെ കുറവുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണ് കേസ്. തങ്ങള്‍ക്ക് അനുകൂലമായ വിധി വരുമ്പോള്‍ ജുഡീഷ്യറിയെ അംഗീകരിക്കുന്നതും അല്ലാത്തപ്പോള്‍ വിമര്‍ശിക്കുന്നതും നന്നല്ല. നിരപരാധികളെ കുരുക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it