പാമൊലിന്‍ കേസില്‍ വിചാരണ തുടരാമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: പാമൊലിന്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതിയില്‍ തിരിച്ചടി. പാമൊലിന്‍ കേസില്‍ ഇപ്പോള്‍ ആരെയും കുറ്റവിമുക്തരാക്കാന്‍ കഴിയില്ലെന്നും വിചാരണ തുടരാമെന്നും അറിയിച്ച കോടതി, വിഷയത്തില്‍ സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി.
കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ, മുന്‍ മുഖ്യ വിജിലന്‍സ് കമ്മീഷണര്‍ പി ജെ തോമസ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജികള്‍ കോടതി തള്ളി.
കേസ് അനന്തമായി നീട്ടിക്കൊണ്ടുപോയി പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്ന് കേസിന്റെ നിലവിലെ സ്ഥിതി എന്താണെന്നു കോടതി ചോദിച്ചു. റിവിഷന്‍ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ മറുപടി. എന്നാല്‍ രേഖകള്‍ പരിശോധിച്ചശേഷം അങ്ങനെയൊരു ഹരജി ഹൈക്കോടതിയുടെ പരിഗണനയില്‍ ഇല്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണോയെന്നും ആരാണ് ഇത്തരം വിവരം നല്‍കുന്നതെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ ചോദിച്ചു.
മേലില്‍ പിഴവുകള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും ശക്തമായ നിയമനടപടികള്‍ ഉണ്ടാവേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇതിനുശേഷമാണ് വിചാരണ തുടരാന്‍ കോടതി ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it