പാപ്പുവ ന്യൂഗിനി ആസ്‌ത്രേലിയന്‍ തടവുകേന്ദ്രം അടയ്ക്കുന്നു

പോര്‍ട്ട് മോറെസ്ബി: പാപ്പുവ ന്യൂഗിനിയില്‍ പ്രവര്‍ത്തിക്കുന്ന ആസ്‌ത്രേലിയന്‍ അഭയാര്‍ഥി തടവു കേന്ദ്രം അടച്ചുപൂട്ടുന്നു. രാജ്യത്ത് അനധികൃതമായാണ് തടവു കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്നു ചൂണ്ടിക്കാട്ടി ക്യാംപ് അടച്ചുപൂട്ടാന്‍ സുപ്രിംകോടതി ഉത്തരവിടുകയായിരുന്നു.
രാജ്യത്ത് അഭയം തേടിയെത്തുന്നവരെ നൗറു ദ്വീപിലും ദ്വീപ് രാഷ്ട്രമായ പാപ്പുവ ന്യൂഗിനിയിലെ മനുസ് ദ്വീപിലും പ്രവര്‍ത്തിക്കുന്ന അഭയാര്‍ഥി കേന്ദ്രത്തിലേക്കാണ് ആസ്‌ത്രേലിയ അയക്കുന്നത്. കേന്ദ്രം ഉടന്‍ അടച്ചുപൂട്ടുമെന്നും അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാന്‍ നടപടികളെടുക്കാന്‍ ആസ്‌ത്രേലിയയോട് ആവശ്യപ്പെടുമെന്നും പ്രധാനമന്ത്രി പീറ്റര്‍ ഒ നെയ്ല്‍ അറിയിച്ചു. ഇത് ആസ്‌ത്രേലിയയെ പ്രതിസന്ധിയിലാക്കി. പാപ്പുവ ന്യൂഗിനിയിലെയും നൗറു ദ്വീപിലെയും അഭയാര്‍ഥി ക്യാംപുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ആസ്‌ത്രേലിയ ധനസഹായം നല്‍കി വരുകയായിരുന്നു. അതേസമയം, ഒരു കാരണവശാലും മനുസ് ദ്വീപിലെ 800ഓളം വരുന്ന അഭയാര്‍ഥികളെ ആസ്‌ത്രേലിയയില്‍ പുനരധിവസിപ്പിക്കില്ലെന്ന് കുടിയേറ്റ മന്ത്രി പീറ്റര്‍ ഡറ്റണ്‍ അറിയിച്ചു.
അനധികൃതമായി രാജ്യത്തെത്തിയ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല. അവരെ സ്ഥിരമായി രാജ്യത്തു താമസിപ്പിക്കുകയുമില്ല. തടവുകേന്ദ്രത്തിലുള്ളവര്‍ക്ക് തങ്ങളുടെ സ്വന്തം രാജ്യത്തേക്കു തിരിച്ചുപോവുകയോ മറ്റു രാജ്യങ്ങളില്‍ അഭയം തേടുകയോ ചെയ്യാം- ഡറ്റണ്‍ കൂട്ടിച്ചേര്‍ത്തു. ആസ്‌ത്രേലിയയുടെ അഭയാര്‍ഥികളോടുള്ള നയത്തിനെതിരേ മനുഷ്യാവകാശ സംഘടനകളും യുഎന്നും രംഗത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it