പാപം കൂടുന്നതിനനുസരിച്ച് ക്ഷേത്രവരുമാനവും കൂടുന്നു: ആന്ധ്രാ മുഖ്യമന്ത്രി

വിജയവാഡ: പാപകര്‍മങ്ങള്‍ കൂടുന്നതനുസരിച്ചു സംസ്ഥാനത്തിനകത്തു ക്ഷേത്രങ്ങളിലെ വരുമാനവും വര്‍ധിക്കുകയാണെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ജില്ലാ കലക്ടര്‍മാരുടെ രണ്ടു ദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാപങ്ങള്‍ ചെയ്യുന്ന ജനങ്ങള്‍ ശിക്ഷയില്‍ നിന്നു രക്ഷപ്പെടാന്‍ ക്ഷേത്രങ്ങളെ ആശ്രയിക്കുകയും അവിടെ പണം നിക്ഷേപിക്കുകയും ചെയ്യുകയാണ്- അദ്ദേഹം പറഞ്ഞു.
അതേസമയം മദ്യവില്‍പന കുറഞ്ഞതുകാരണം സംസ്ഥാനത്തിന്റെ വരുമാനം കുറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ ആളുകള്‍ ശബരിമല തീര്‍ത്ഥാടനത്തിനുവേണ്ടി 40 ദിവസത്തെ വ്രതം അനുഷ്ഠിക്കുന്നതിനാലാണു മദ്യവില്‍പന കുറയുന്നത്- അദ്ദേഹം തമാശയായി പറഞ്ഞു.
മല്‍സരാടിസ്ഥാനത്തില്‍ സംസ്ഥാനത്തു വികസനപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ അദ്ദേഹം കലക്ടര്‍മാരോട് നിര്‍ദേശിച്ചു. രണ്ടു വര്‍ഷം പ്രായമായ ആന്ധ്രപ്രദേശിനെ 2022 ആവുമ്പോഴേക്ക് രാജ്യത്തെ മുന്‍നിരയിലുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നാക്കി മാറ്റുമെന്നും 2029ലെത്തുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട സംസ്ഥാനമാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപമുഖ്യമന്ത്രി കെ ഇ കൃഷ്ണമൂര്‍ത്തി, മന്ത്രി എന്‍ ചിന രാജപ്പ ചടങ്ങില്‍ സംബന്ധിച്ചു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it