Flash News

പാനായികുളം കേസില്‍ വിധി ഈ മാസം 30ന്

പാനായികുളം കേസില്‍ വിധി ഈ മാസം 30ന്
X
panayikkulam-caseതിരുവനന്തപുരം: പാനായികുളം കേസില്‍ ശിക്ഷ ഈ മാസം 30ന് പ്രഖ്യാപിക്കുമെന്ന് കോടതി. അഞ്ചുപേര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു.
ഇന്നലെ വിധി പറഞ്ഞ കോടതി അഞ്ചു പേരെ കുറ്റക്കാരെന്നു കണ്ടെത്തിയിരുന്നു. 11 പേരെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതി ഈരാറ്റുപേട്ട നടയ്ക്കല്‍ പീടികക്കല്‍ വീട്ടില്‍ ഷാദുലി, രണ്ടാം പ്രതി ഈരാറ്റുപേട്ട നടയ്ക്കല്‍ പാറക്കല്‍ വീട്ടില്‍ അബ്ദുല്‍ റാസിഖ്, മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ്‌വി, നാലാം പ്രതി പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍, അഞ്ചാം പ്രതി ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മാസ് എന്നിവരെയാണ് കൊച്ചിയിലെ പ്രത്യേക കോടതി ജഡ്ജി കെ എം ബാലചന്ദ്രന്‍ കുറ്റക്കാരെന്നു കണ്ടെത്തിയത്.
ഇവര്‍ക്കെതിരേയുള്ള ശിക്ഷ ഇന്നു 3 മണിക്കു പ്രഖ്യാപിക്കും.

ആറാം പ്രതി തൃശൂര്‍ എറിയാട് കറുകപ്പാടത്ത് പുത്തന്‍വീട്ടില്‍ ഷമീര്‍, ഏഴാം പ്രതി തൃശൂര്‍ എറിയാട് കടകത്തകത്ത് വീട്ടില്‍ അബ്ദുല്‍ ഹകീം, എട്ടാം പ്രതി ഇടുക്കി മുരിക്കുംതൊട്ടി നിസാര്‍, ഒമ്പതാം പ്രതി കോതമംഗലം ഉള്ളിയാട്ടു വീട്ടില്‍ മുഹ്‌യുദ്ദീന്‍കുട്ടി, പത്താം പ്രതി കരുമാലൂര്‍ കാട്ടിപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് നിസാര്‍, 11ാം പ്രതി തൃശൂര്‍ എറിയാട് ഇല്ലംതുരുത്തി വീട്ടില്‍ അഷ്‌കര്‍, 12ാം പ്രതി എറിയാട് എട്ടുതെങ്ങുപറമ്പില്‍ വീട്ടില്‍ മുഹമ്മദ് നിസാര്‍, 14ാം പ്രതി പാനായിക്കുളം മഠത്തില്‍ വീട്ടില്‍ ഹാഷിം, 15ാം പ്രതി തൃക്കാരിയൂര്‍ ചിറ്റേത്തുകുടിയില്‍ വീട്ടില്‍ റിയാസ്, 16ാം പ്രതി മുടിക്കല്‍ കൊല്ലംകുടിയില്‍ വീട്ടില്‍ മുഹമ്മദ് നൈസാം, 17ാം പ്രതി കുഞ്ഞുണ്ണിക്കര വെട്ടുവേലില്‍ വീട്ടില്‍ നിസാര്‍ എന്നിവര്‍ക്കെതിരേ പ്രോസിക്യൂഷന്‍ തെളിവു ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ വെറുതെ വിട്ടു.
2006 ആഗസ്ത് 15നു പാനായിക്കുളത്തുള്ള ഹാപ്പി ഓഡിറ്റോറിയത്തില്‍ നിരോധിത സംഘടനയായ സിമിയുടെ യോഗം സംഘടിപ്പിച്ചുവെന്നതാണ് കേസ്. 1 മുതല്‍ 5 വരെ പ്രതികളാണ് യോഗത്തിനു നേതൃത്വം നല്‍കിയത്. 6 മുതല്‍ 17 വരെയുള്ള പ്രതികള്‍ സദസ്യരായിരുന്നു.
1 മുതല്‍ 5 വരെയുള്ള പ്രതികള്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചനക്കുറ്റം, യുഎപിഎയിലെ നിരോധിത സംഘടനയുടെ യോഗത്തില്‍ പങ്കെടുത്തെന്ന കുറ്റം, നിരോധിത പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്തുവെന്ന കുറ്റം എന്നിവ കണ്ടെത്തി. കൂടാതെ ഒന്നും രണ്ടും പ്രതികള്‍ക്കെതിരേ യുഎപിഎയിലെ നിരോധിത സംഘടനയില്‍ അംഗമായി തുടര്‍ന്നുവെന്ന കുറ്റവും രണ്ടും മൂന്നും പ്രതികള്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹക്കുറ്റവും കണ്ടെത്തി.
കേസില്‍ 18ാം പ്രതിയായിരുന്ന ഒറ്റപ്പാലം കരിങ്ങനാട് ബദ്‌രിയ മസ്ജിദിനു സമീപം വരമംഗലത്തു വീട്ടില്‍ റഷീദ് എന്ന റഷീദ് മൗലവി എന്‍ഐഎയുടെ അന്വേഷണ കാലയളവില്‍ മാപ്പുസാക്ഷിയായി കോടതിയില്‍ നല്‍കിയ മൊഴിയാണ് പ്രധാനമായി കോടതി പരിഗണിച്ചത്. കുറ്റക്കാരെന്നു കണ്ടെത്തിയവരുടെ ജാമ്യം റദ്ദാക്കി എറണാകുളം ജില്ലാ ജയിലിലേക്ക് അയച്ചു.
Next Story

RELATED STORIES

Share it