പാനമ രേഖയില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍ക്ക് ഇഡി നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: പാനമ രേഖകളില്‍ പേര് പരാമര്‍ശിക്കപ്പെട്ട ഇന്ത്യക്കാര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. പാനമ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൊസാക്ക് ഫൊന്‍സേക്ക എന്ന നിയമ, കോര്‍പറേറ്റ് സേവന സ്ഥാപനത്തിന്റെ ഉപഭോക്താക്കളായിരിക്കുകയും അതിലൂടെ നികുതി ഇളവുള്ള വിദേശ രാജ്യങ്ങളില്‍ കമ്പനികള്‍ നടത്തുകയും ചെയ്തവര്‍ക്ക് വിശദമായ ചോദ്യങ്ങളടങ്ങിയ നോട്ടീസാണ് ആദായനികുതി വകുപ്പിന്റെ അന്വേഷണ വിഭാഗം അയച്ചത്.
വിവിധ നഗരങ്ങളിലെ അമ്പതോളം പേര്‍ക്കാണ് ഇപ്പോള്‍ നോട്ടീസയച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. രണ്ട് ഭാഗങ്ങളായാണ് നോട്ടീസ് അയച്ചത്. ആദ്യത്തേതില്‍ പാനമ രേഖകളുമായി ബന്ധപ്പെട്ട് റിപോര്‍ട്ട് ചെയ്യപ്പെട്ട ആള്‍ക്കാര്‍ ഇവര്‍ തന്നെയാണ് എന്ന് ഉറപ്പു വരുത്താനാണ് നോട്ടീസ് ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എക്‌സ്പ്രസ് ഇവരുടേതെന്ന നിലയ്ക്ക് നല്‍കിയ പ്രസ്താവനകള്‍ ഇവരുടേത് തന്നെയാണോ എന്നും ആദ്യത്തെ നോട്ടീസ് ചോദിക്കുന്നുണ്ട്.
ഈ നോട്ടീസിന് മൂന്ന് ദിവസങ്ങള്‍ക്കകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതല്‍ വിശദമായ ചോദ്യങ്ങള്‍ അടങ്ങിയതാണ് രണ്ടാമത്തെ നോട്ടീസ്. പരാമര്‍ശിക്കപ്പെട്ട വിദേശ കമ്പനി ആരംഭിക്കുന്നതിന് മുമ്പ് തേടിയ അനുവാദം, കമ്പനി ആരംഭിക്കുവാന്‍ വേണ്ട പണം ഏത് വഴിക്ക് വന്നു, കമ്പനിയുടെ ഓഹരി ഉടമകള്‍, ഡയറക്ടര്‍മാര്‍, ലാഭത്തിനര്‍ഹരായ യഥാര്‍ഥ ഉടമകള്‍ എന്നിവരുടെ വിവരങ്ങള്‍, കമ്പനിയുമായി ഹന്ധപ്പെട്ട് നടത്തിയ പണമിടപാടുകളുടെയും നിക്ഷേപങ്ങളുടെയും വിവരങ്ങള്‍, കമ്പനിക്ക് കീഴിലെ സ്വത്തുവകകള്‍, ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം (എല്‍ആര്‍എസ്) വഴി കമ്പനിയില്‍ നടത്തിയ നിക്ഷേപത്തിന്റെ വിവരങ്ങള്‍ തുടങ്ങിയവയെ കുറിച്ചാണ് രണ്ടാമത്തെ നോട്ടീസില്‍ മറുപടി ആവശ്യപ്പെട്ടിരിക്കുന്നത്.
കൂടുതല്‍ കമ്പനികളുമായി ബന്ധപ്പെട്ട രേഖകളില്‍ പേര് വന്നവര്‍ക്കും മറ്റും 20 ദിവസം വരെ ഈ നോട്ടീസിന് മറുപടി നല്‍കാന്‍ സമയം നല്‍കിയിട്ടുണ്ട്. തങ്ങളുടെ നിക്ഷേപങ്ങള്‍ എല്‍ആര്‍എസ് പദ്ധതിക്ക് കീഴിലായിരുന്നെന്നും വിദേശ കമ്പനികളെ കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ തന്നെ നികുതി അധികൃതരോട് വെളിപ്പെടുത്തിയതാണെന്നുമുള്ള പലരുടെയും പ്രസ്താവന സത്യമാണെന്ന് ധനകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it