പാനമ രേഖകളില്‍ ഇന്ത്യന്‍ ബന്ധമുള്ള 2000 പേര്‍

ന്യൂഡല്‍ഹി: കള്ളപ്പണം സംബന്ധിച്ച ഏറ്റവും പുതിയ പാനമ രേഖകളില്‍ ഇന്ത്യയുമായി ബന്ധമുള്ള 2000ഓളം വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍. അനധികൃത രഹസ്യനിക്ഷേപവുമായി ബന്ധപ്പെട്ട പാനമ രേഖകള്‍ യുഎസ് ആസ്ഥാനമായ അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐസിഐജെ ആണു പുറത്തുവിട്ടത്. രണ്ടു ലക്ഷത്തോളം അക്കൗണ്ടുകളുടെ വിവരങ്ങളാണ് സംഘം ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചത്.
ഇന്ത്യയുമായി ബന്ധപ്പെട്ട വിദേശത്തെ 22 സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥരോ വ്യക്തികളോ ആയ 1046 പേര്‍, 42 ഇടനിലക്കാര്‍, രാജ്യത്തിനകത്തെ 828 വിലാസക്കാര്‍ എന്നിവരുടെ വിവരങ്ങളാണു പുറത്തുവന്നത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ പോലുള്ള മെട്രോപൊളിറ്റന്‍ നഗരങ്ങളിലെ സമ്പന്ന മേഖലയില്‍നിന്നുള്ളവരും ഹരിയാനയിലെ സിര്‍സ, ബിഹാറിലെ മുസാഫര്‍പൂര്‍ തുടങ്ങിയ ഗ്രാമീണ മേഖലയില്‍നിന്നുള്ളവരും പുറത്തുവന്ന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ീളളവെീൃലഹലമസ.െശരശഷ.ീൃഴ എന്ന വെബ്‌സൈറ്റിലാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഒന്നരക്കോടിയോളം വരുന്ന രേഖകളുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോള്‍ പരസ്യമാക്കിയത്. ഇതില്‍ കേരളത്തില്‍ നിന്നുള്ള 10 മേല്‍വിലാസങ്ങളും ഉള്‍പ്പെടുന്നു.
ടാക്‌സ് ഹെവന്‍സ് എന്നറിയപ്പെടുന്ന ബ്രിട്ടിഷ് വിര്‍ജിന്‍, പാനമ, ബഹാമാസ്, സീ ഷെല്‍സ്, സമോവ തുടങ്ങി 20ഓളം ചെറു രാജ്യങ്ങളില്‍ ഇല്ലാത്ത കമ്പനികള്‍ തുടങ്ങിയാണ് നികുതിവെട്ടിപ്പു നടത്തിയത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെങ്കിലും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഇ- മെയില്‍ ഇടപാടുകള്‍, ഫോണ്‍ നമ്പരുകള്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. വ്യാജകമ്പനികളുടെ പേരില്‍ കള്ളപ്പണ നിക്ഷേപം നടത്താന്‍ സഹായിക്കുന്ന പാനമ ആസ്ഥാനമായ മൊസാക്ക് ഫോണ്‍സെക്ക എന്ന കമ്പനിയില്‍ നിന്നാണ് ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ന്നത്. റഷ്യന്‍ പ്രസിഡന്റ് പുടിന്‍, ബ്രിട്ടിഷ് പ്രധാനമന്ത്രി കാമറണ്‍, അര്‍ജന്റീനാ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി, നടന്‍ ജാക്കിച്ചാന്‍ തുടങ്ങിയവരും ഇന്ത്യയില്‍ നിന്നുള്ള അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ് എന്നിവരും ചില മലയാളികളും പാനമ രേഖകളില്‍ കുടുങ്ങിയിട്ടുണ്ട്. എഴുപതോളം രാഷ്ട്രങ്ങളിലെ 128 ഉന്നതരും നൂറുകണക്കിനു കോടീശ്വരന്‍മാരുമാണ് പാനമ ആസ്ഥാനമായുള്ള സ്ഥാപനം മുഖേന വിദേശനിക്ഷേപം നടത്തിയത്.
സാമ്പത്തിക തുല്യത ഉറപ്പാക്കലാണ് തന്റെ ലക്ഷ്യമെന്നും എത് അന്വേഷണവുമായും സഹകരിക്കുമെന്നും വിവരങ്ങള്‍ പുറത്തുവിട്ട ജോണ്‍ ഡോ വെളിപ്പെടുത്തി. എന്നാല്‍, തങ്ങള്‍ ഹാക്കിങിന് ഇരയാവുകയായിരുന്നുവെന്നും കമ്പനി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും മൊസാക്ക് ഫൊന്‍സെക്ക വ്യക്തമാക്കി.
Next Story

RELATED STORIES

Share it