പാത ഇരട്ടിപ്പിക്കല്‍; നാളെ തീവണ്ടികള്‍ക്കു നിയന്ത്രണം

കൊച്ചി: ചെങ്ങന്നൂര്‍ തിരുവല്ല ഭാഗങ്ങളിലായി നടക്കുന്ന പാത ഇരട്ടിപ്പിക്കല്‍ ജോലികളും ഇതിനോടനുബന്ധിച്ചു തിരുവല്ലയില്‍ യാര്‍ഡ് നവീകരണവും നടക്കുന്നതിനാല്‍ നാളെ തീവണ്ടി ഗതാഗതത്തിനു നിയന്ത്രണം ഉണ്ടായിരിക്കുമെന്നു ദക്ഷിണ റെയില്‍വേ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
എറണാകുളത്തുനിന്ന് രാവിലെ 05.25നുള്ള കൊല്ലം മെമു (66307), കൊല്ലത്തുനിന്ന് 11.10നുള്ള എറണാകുളം മെമു (66308), എറണാകുളത്തുനിന്ന് രാവിലെ 11.30നുള്ള കായംകുളം പാസഞ്ചര്‍(56387), കായംകുളത്തുനിന്ന് വൈകുന്നേരം അഞ്ചുമണിക്കുള്ള എറണാകുളം പാസഞ്ചര്‍ (56388), കൊല്ലത്തുനിന്ന് രാവിലെ 08.35നുള്ള കോട്ടയം പാസഞ്ചര്‍ (56394), കോട്ടയത്തുനിന്ന് 5.45നുള്ള കൊല്ലം പാസഞ്ചര്‍ (56393) എറണാകുളത്തു നിന്ന് രാവിലെ 10.00നുള്ള കായംകുളം പാസഞ്ചര്‍(56381) കായംകുളത്തുനിന്ന് ഉച്ചയ്ക്ക് ഒരുമണിക്കുള്ള എറണാകുളം പാസഞ്ചര്‍ (56382), എറണാകുളത്തുനിന്ന് രാവിലെ 08.50ന്റെ ആലപ്പുഴ വഴിയുള്ള കൊല്ലം മെമു(66302), കൊല്ലത്തുനിന്ന് ഉച്ചകഴിഞ്ഞ് 2.40ന് കോട്ടയം വഴിയുള്ള എറണാകുളം മെമു (66301) എന്നീ വണ്ടികള്‍ നാളെ സര്‍വീസ് നടത്തില്ല.
ഗുരുവായൂരിനും പുനലൂരിനും ഇടയിലോടുന്ന പാസഞ്ചര്‍ വണ്ടികള്‍ (56365/56366) കോട്ടയത്തിനും പുനലൂരിനും ഇടയില്‍ സര്‍വീസ് നടത്തില്ല. കന്യാകുമാരി- മുംബൈ ജയന്തി (16382), കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി (12081), ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ്(12626) എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും. ഇവയ്ക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം സൗത്ത് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കും. തിരുവനന്തപുരത്തുനിന്ന് 11.15നു പുറപ്പെടേണ്ട ന്യൂഡല്‍ഹിയിലേക്കുള്ള കേരള എക്‌സ്പ്രസ് 45 മിനിട്ട് വൈകി 12.00നായിരിക്കും പുറപ്പെടുക.
കൂടാതെ കായംകുളം/ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലായി തീവണ്ടി ഒരുമണിക്കൂര്‍ പിടിച്ചിടാനും സാധ്യതയുണ്ട്. നാളെ എറണാകുളത്തെത്തുന്ന കേരള എക്‌സ്പ്രസ്, ജനശതാബ്ദി യാത്രക്കാരുടെ സൗകര്യാര്‍ഥം എറണാകുളത്തുനിന്ന് 10.30ന് ഒരു നോണ്‍സ്റ്റോപ്പ് പാസഞ്ചര്‍ പുറപ്പെടും. ഇത് 12.00മണിക്ക് കോട്ടയത്ത് എത്തിച്ചേരും.
തിരിച്ച് 12.15ന് കോട്ടയത്തുനിന്ന് റിസര്‍വ് ചെയ്ത മുംബൈ എക്‌സ്പ്രസ് യാത്രക്കാരുമായി പുറപ്പെട്ട് ഉച്ചയ്ക്ക് 1.30ന് എറണാകുളത്ത് എത്തിച്ചേരും. വഴിയില്‍ എവിടെയും സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. അയ്യപ്പഭക്തരുടെ സൗകര്യാര്‍ഥം ചെങ്ങന്നൂരില്‍ നിന്നു കോട്ടയത്തേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും.
Next Story

RELATED STORIES

Share it