wayanad local

പാതയോരങ്ങളില്‍ ഭീഷണിയായ മരങ്ങള്‍; സംയുക്ത പരിശോധന നാളെ

കല്‍പ്പറ്റ: പാതയോരങ്ങളിലെ വന്‍മരങ്ങളുടെ അപകടാവസ്ഥ സംബന്ധിച്ച് റവന്യൂ, വനം, പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്ത സംഘം നാളെ പരിശോധന നടത്തുമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു. ശിഖരങ്ങള്‍ മുറിച്ചു മാറ്റേണ്ടവ, പൂര്‍ണമായി മുറിക്കേണ്ടവ ഏതൊക്കെയെന്നു പരിശോധിക്കും. വിവിധ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള മരങ്ങളുടെ അപകടഭീഷണി ഒഴിവാക്കാത്ത പക്ഷം അപായമുണ്ടായാല്‍ അതാതു വകുപ്പുകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നു കലക്ടര്‍ മുന്നറിയിപ്പു നല്‍കി.
ചേകാടി പാലം അപ്രോച്ച് റോഡ് സമയപരിധി വച്ച് പെട്ടെന്നു കമ്മീഷന്‍ ചെയ്യാന്‍ നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് യോഗം നിര്‍ദേശം നല്‍കി. സുല്‍ത്താന്‍ ബത്തേരി ബൈപാസിന്റെ ഡീറ്റെയില്‍ഡ് പ്രൊജക്റ്റ് റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് ദേശീയപാത അതോറിറ്റി യോഗത്തെ അറിയിച്ചു.
പ്രധാനമന്ത്രി ഗ്രാം സഡക് യോജന പദ്ധതിയില്‍ നേരത്തെ ടെന്‍ഡര്‍ ചെയ്തതും പിന്നീട് കരാറുകാര്‍ ഒഴിവാക്കിയതുമായ റോഡുകള്‍ കണ്ടെത്തി അവയ്ക്കു ബജറ്റില്‍ തുക പാസാക്കിയാല്‍ നിര്‍മാണം ഏറ്റെടുക്കാന്‍ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
പൂര്‍ത്തീകരിക്കാത്ത ടൂറിസം പദ്ധതികള്‍ ഏതൊക്കെയാണെന്നും അവയുടെ ഏജന്‍സികള്‍ ഏതൊക്കെയാണെന്നും കണ്ടെത്തി യോഗം വിളിക്കാന്‍ തീരുമാനിച്ചു. വനസംരക്ഷണ സമിതികളുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ വരുമാനത്തിന്റെ കണക്ക് സമര്‍പ്പിക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു.
പ്രശ്‌നം മുന്‍കൂട്ടി അറിയിച്ച് പരിഹാരത്തിന് ഇടനല്‍കാതെ സ്വകാര്യബസ്സുകള്‍ നടത്തുന്ന സമരം അനുവദിക്കാന്‍ കഴിയില്ലെന്ന് സി കെ ശശീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. ഇത്തരം സമരങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. ബസ്സുകളുടെ മല്‍സരപ്പാച്ചില്‍, സമയതര്‍ക്കം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്വകാര്യ ബസ്സുടമകളുടെയും ജീവനക്കാരുടെയും കെഎസ്ആര്‍ടി.സി അധികൃതരുടെയും സംയുക്ത യോഗം വിളിച്ചുചേര്‍ക്കാന്‍ ആര്‍ടിഒക്ക് നിര്‍ദേശം നല്‍കി. ഓട്ടോയിലോ മറ്റേതെങ്കിലും വാഹനത്തിലോ അനധികൃത മദ്യക്കടത്ത് കണ്ടാല്‍ വാഹനത്തിന്റെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കാന്‍ കലക്ടര്‍ ആര്‍ടിഒക്ക് നിര്‍ദേശം നല്‍കി.
സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാല്‍ രൂക്ഷമായ പ്രതിസന്ധി അനുഭവിക്കുന്നതായി ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു. ജില്ലയില്‍ ആകെ ആറു ഗൈനക്കോളജിസ്റ്റുകള്‍ മാത്രമാണുള്ളതെന്ന് ഡിഎംഒ അറിയിച്ചു. അഞ്ചു ഡോക്ടര്‍മാര്‍ ജില്ലാ ആശുപത്രിയിലും ഒരു ഡോക്ടര്‍ മീനങ്ങാടിയിലുമാണ്. ജില്ലയില്‍ വൈറോളജി ലാബ് ഒരു മാസത്തിനകം പ്രവര്‍ത്തനം തുടങ്ങും. വനംവകുപ്പിലെ എല്ലാ ജീവനക്കാര്‍ക്കും കുരങ്ങുപനി പ്രതിരോധ വാക്‌സിനും ബോധവല്‍ക്കരണവും നല്‍കാന്‍ ജില്ലാ കലക്ടര്‍ വനംവകുപ്പിന് നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it