പാതയോരങ്ങളിലെ പരസ്യം തടഞ്ഞ് സര്‍ക്കാരിന്റെ പരസ്യനയം

കൊച്ചി: പാതയോരത്തും നടപ്പാതകളിലും സമീപത്തുള്ള മരങ്ങളിലും പരസ്യങ്ങള്‍ സ്ഥാപിക്കുന്നത് തടഞ്ഞുള്ള പുതിയ പരസ്യനയം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ട്രാഫിക് സിഗ്‌നലുകള്‍, ട്രാഫിക് അടയാളങ്ങള്‍, സൂചികകള്‍, വഴിയോരങ്ങളിലെ ഇരിപ്പിടങ്ങള്‍ എന്നിവയിലൊന്നും പരസ്യങ്ങള്‍ പാടില്ലെന്നും റോഡില്‍ നിന്ന് 50 മീറ്റര്‍ ദൂരത്തിനകത്ത് പരസ്യങ്ങള്‍ സ്ഥാപിക്കരുതെന്നുമാണ് സര്‍ക്കാര്‍ നയം.
കോടതി ഉത്തരവുണ്ടായിട്ടും റോഡുകളില്‍ നിന്നും പാതയോരത്ത് നിന്നും ഫഌക്‌സുകളും പരസ്യ ബോര്‍ഡുകളും നീക്കം ചെയ്യാന്‍ നടപടിയെടുക്കാത്തത് ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകനായ ഡിജോ കാപ്പന്‍ സമര്‍പ്പിച്ച ഹരജിയില്‍ തദ്ദേശ സ്വയംഭരണ അണ്ടര്‍ സെക്രട്ടറി ബി മുരളീധരന്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പുതിയ പരസ്യനയം സംബന്ധിച്ച വിശദീകരണം.
കടകളില്‍ സ്ഥാപിക്കുന്ന പരസ്യ ബോര്‍ഡുകളുടെ കാര്യത്തിലും നിബന്ധനകളുണ്ട്. കടയുടെ മുന്‍ഭാഗത്തെ വീതിയും നീളവും കണക്കാക്കി ആനുപാതികമായ അളവില്‍ മാത്രമേ ബോര്‍ഡ് സ്ഥാപിക്കാവൂ. ഷോപ്പിങ് മാളുകളിലും വാണിജ്യ സമുച്ചയങ്ങളിലും സ്ഥാപനങ്ങള്‍ക്ക് ഒരുമിച്ച് ഡിസ്പ്‌ളേ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് തടസ്സമില്ല. കടയുടെ പേര്, ലോഗോ, ഫോണ്‍ നമ്പര്‍, റൂം നമ്പര്‍ തുടങ്ങിയവ ഇത്തരം ബോര്‍ഡുകളില്‍ രേഖപ്പെടുത്താമെന്നും സര്‍ക്കാരിന്റെ പരസ്യനയത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it