azchavattam

പാണക്കാട് തങ്ങള്‍ക്ക് മലപ്പുറത്ത് നിന്നൊരു കത്ത്്

രണ്ടാം പാതി/ ത്രിവേണി

ഫേസ്ബുക്കില്‍ അലസമായി കണ്ണോടിച്ചപ്പോള്‍ ഒരു കത്തു കണ്ടു. മലപ്പുറത്തുനിന്ന് ഉമ്മു ആയിഷ പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് എഴുതിയതാണത്. തിരഞ്ഞെടുപ്പില്‍ തോറ്റ ഒരു വനിതാ സ്ഥാനാര്‍ഥിയെ അപമാനിക്കുന്നതിനുവേണ്ടി ഒരു പുരുഷനെ പര്‍ദ്ദയണിയിച്ച് പ്രകടനമായി നാടുചുറ്റുകയും ആ പര്‍ദ്ദധാരിയെ വൃത്തികെട്ട ലൈംഗികചേഷ്ടകള്‍ക്കു വിധേയമാക്കുകയും ചെയ്ത സംഭവത്തെക്കുറിച്ചായിരുന്നു പരാമര്‍ശം. പാണക്കാട് തങ്ങളോട് നേരിട്ടോ ഫോണിലൂടെയോ ഞാനും ചോദിക്കണമെന്നാഗ്രഹിച്ച വരികളായതുകൊണ്ടുതന്നെ ആ കത്ത് ഇവിടെ പകര്‍ത്തുന്നു.

''ബഹുമാനപ്പെട്ട പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് ഒരു തുറന്ന കത്ത്... ഞങ്ങളുടെയെല്ലാം ആലംബമായ അങ്ങയുടെ പരിഗണനയിലേക്കും അറിവിലേക്കുമായി എഴുതുന്നത്. ഞാന്‍ മുസ്‌ലിംലീഗ് കുടുംബത്തില്‍ ജനിക്കുകയും കാലങ്ങളായി കോണി ചിഹ്നത്തില്‍ മാത്രം വോട്ടുചെയ്യുന്നവരുമാണ്. മുസ്‌ലിംലീഗുകാരിയായതില്‍ അഭിമാനിക്കുകയും മുസ്‌ലിംലീഗിന്റെ വിജയത്തില്‍ സന്തോഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഞങ്ങള്‍ ഇന്ന് ഇവിടെ അപമാനത്തിന്റെ നടുവിലാണ്. ഇലക്ഷന്‍ റിസല്‍റ്റുമായി ബന്ധപ്പെട്ടു മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ നടത്തിയ വിജയാഘോഷത്തില്‍ സ്ത്രീവേഷത്തില്‍ ഒരാളെ നിര്‍ത്തി കാണിച്ച പേക്കൂത്തുകള്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവുമെന്നു കരുതുന്നു. എല്ലാവരും പറയുന്നത് അവര്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരാണെന്നാണ്. അതില്‍ കൈയടിക്കുന്ന പലരും മുസ്‌ലിംലീഗിന്റെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണത്രെ.മോശവും കിരാതവും ഒരു മനുഷ്യജീവിയോടു ചെയ്യാന്‍ മടിക്കുന്ന രീതിയിലുമുള്ള ആ രംഗം കണ്ടതിനുശേഷം ഞെട്ടിത്തരിച്ചിരിക്കുകയാണു ഞാനും എന്റെ പെണ്‍മക്കളും, അതുപോലെ ഇവിടെ ചുറ്റുവട്ടത്തുള്ള സ്ത്രീകളും. പരസ്പരം മക്കളുടെ മുഖത്തുനോക്കാന്‍ പോലും കഴിയാതെ അപമാനവും ലജ്ജയും ഞങ്ങളെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. മുസ്‌ലിം സഹോദരിമാര്‍ പര്‍ദ്ദയ്ക്കു മുകളില്‍ മറ്റൊരു മൂടുപടം തേടേണ്ട  അവസ്ഥയില്‍ ആയിരിക്കുന്നു. ഞങ്ങളുടെ ശരീരത്തിലേക്ക് അവര്‍ പാഞ്ഞടുക്കുന്നതുകണ്ട് ഉറക്കത്തില്‍ പോലും ഞെട്ടി ഉണരുന്ന അവസ്ഥ! പ്രകൃതി ഞങ്ങള്‍ക്കു നല്‍കിയ അവയവങ്ങള്‍,    ആകാരങ്ങള്‍, മാതൃത്വത്തിന്റെ മഹനീയ ബിംബങ്ങള്‍... എല്ലാത്തിനെയും എത്ര സംസ്‌കാരരഹിതമായാണവര്‍ സമീപിക്കുന്നത്! ഒരു വിടന്റെ ചേഷ്ഠകളോടെ ചവിട്ടി മെതിക്കുന്നത്! അങ്ങും പെണ്മക്കളുടെ പിതാവാണ്, സഹോദരനാണ്, അതിലേറെ ആലംബരായ ഞങ്ങളെപ്പോലുള്ളവരുടെ അത്താണിയാണ്. പൊതുസമൂഹത്തില്‍ അഭിമാനം പിച്ചിച്ചീന്തിയ കാപാലികര്‍ക്കിടയില്‍ ജീവിക്കുന്ന ഞങ്ങളുടെ അവസ്ഥ പറയാതെതന്നെ മനസ്സിലാവുമല്ലോ. ഇതുവരെയും ഞങ്ങള്‍ സഹോദരന്‍മാരായി കണ്ടിരുന്ന ഓരോ മുസ്‌ലിംലീഗുകാരനെയും കാണുമ്പോള്‍ ഭയം  പിടികൂടുന്നു.

മുസ്‌ലിംലീഗിന് വേണ്ടി വോട്ടുപിടിക്കാന്‍ അങ്ങ് ആവശ്യപ്പെട്ടപ്പോഴാണു ഞങ്ങള്‍ അടുക്കളവിട്ടു പുറത്തിറങ്ങിയത്. എന്തു ധൈര്യമാണ് ഒരിക്കല്‍ക്കൂടി പുറത്തിറങ്ങാന്‍ ഞങ്ങള്‍ക്കുള്ളത്? ഇത്രയും അധമരായ ആളുകള്‍, ഒരു സ്ത്രീയെ കൈയില്‍ കിട്ടിയാല്‍ അവര്‍ എന്തൊക്കെ ചെയ്യും എന്ന് ആ ഭീതിതമായ രംഗങ്ങള്‍ ഞങ്ങളെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നു. എന്താണ് അവര്‍ ഇങ്ങനെ നശിച്ചുപോയത്? സ്വന്തം മക്കളുടെ മുഖത്ത് നോക്കാനാവാത്തവിധം ഞങ്ങളെ അപമാനിതരാക്കിയത് എന്തിനായിരുന്നു? ഇവിടെ കുത്തും കൊലയും നടന്നപ്പോള്‍ പോലും ഞങ്ങള്‍ ഇങ്ങനെ ഭയന്നിട്ടില്ല. ഈയൊരവസ്ഥയില്‍ അങ്ങയുടെ തീരുമാനം അറിയാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്, അങ്ങയുടെ വാക്കുകള്‍ക്കു കാതോര്‍ക്കുന്നു.സഹോദരിമാര്‍ക്കായി വിശ്വാസത്തോടെമലപ്പുറത്തു നിന്ന് ഉമ്മു ആയിഷമുകളില്‍ സൂചിപ്പിച്ച കത്തിന്റെ ഉടമസ്ഥയ്ക്കു മാത്രമല്ല, കേരളത്തിലെ സഹോദരിമാര്‍ക്കു മുഴുവന്‍ പാണക്കാട് തങ്ങളടങ്ങുന്ന മുസ്‌ലിംലീഗ് നേതൃത്വം മറുപടി നല്‍കേണ്ടിയിരിക്കുന്നു. അതു കേവലം പാര്‍ട്ടിയില്‍ നിന്ന് ഒരു പുറത്താക്കല്‍ നോട്ടീസില്‍ ഒതുക്കേണ്ടതല്ല. പകരം പരസ്യമായി മാപ്പുപറഞ്ഞ് ഇത്തരക്കാര്‍ക്കെതിരേ നിയമനടപടിയടക്കം ശക്തമായ ശിക്ഷയാണ് ഉറപ്പാക്കേണ്ടത്. അല്ലാതെ പോലിസിനെയും നിയമവ്യവസ്ഥയെയും അധികാരത്തിന്റെ പിന്‍ബലത്തില്‍ സ്വാധീനിച്ച് ഇത്തരം ആഭാസന്‍മാര്‍ക്കെതിരെയുള്ള നടപടികള്‍ ലളിതമാക്കുകയല്ല വേണ്ടത്. ഇത്തരത്തിലുള്ള വൃത്തികേടുകള്‍ക്കു കൂട്ടുപിടിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകളില്‍ ഭയന്ന് സ്വന്തം കുടുംബത്തില്‍ നിന്നുതന്നെ വനിതകള്‍ പാര്‍ട്ടിക്കെതിരേ രംഗത്തുവരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കാരണം ആത്മാഭിമാനമെന്നതു സ്ത്രീയെ സംബന്ധിച്ചിടത്തോളം വിലപ്പെട്ടതാണ്. അതിനു മുറിവേല്‍പ്പിക്കുന്നവര്‍ക്കൊപ്പം നിലനില്‍ക്കാന്‍മാത്രം രാഷ്ട്രീയാദര്‍ശമൊന്നും കേരളത്തിലെ സ്ത്രീകള്‍ക്കിപ്പോഴില്ലെന്ന തിരിച്ചറിവ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നല്ലതാണ്.   തിരഞ്ഞെടുപ്പില്‍ പരാജയവും വിജയവും എല്ലാമുണ്ടാവും.
സ്ഥാനാര്‍ഥികളെ വ്യക്തിപരമായിആക്ഷേപിക്കുന്നതും പരസ്പരം ചെളിവാരിയെറിയുന്നതും പതിവാണ്. എന്നാല്‍ ഇത്തരത്തില്‍ യാതൊരു ലജ്ജയുമില്ലാതെ സദാചാരത്തിന്റെ സര്‍വ സീമകളും ലംഘിച്ചു നടത്തുന്ന രീതി ലീഗ് പ്രവര്‍ത്തകരില്‍ നിന്നു മാത്രമാണു കണ്ടത്. മാട്ടൂല്‍ പഞ്ചായത്തിലെ മടക്കരയില്‍ മാത്രമല്ല തളിപ്പറമ്പ്, പരിയാരം, തിരുവട്ടൂര്‍, രാമന്തളി എന്നിവിടങ്ങളിലൊക്കെ ഇതേ ആശയക്കാര്‍ സ്ത്രീത്വത്തെ അപമാനിച്ച് തിരഞ്ഞെടുപ്പ് ആഘോഷിച്ചുവെന്നു കേള്‍ക്കുന്നു. സോഷ്യല്‍മീഡിയകള്‍ സജീവമായതോടെ ഇത്തരക്കാരുടെ പേക്കൂത്തുകള്‍ പുറംലോകത്തേക്കെത്തുന്നുണ്ട്. അതറിയാതെയോ അറിഞ്ഞോ ഉള്ള ഈ പ്രകടനങ്ങള്‍ക്കെതിരേ സ്ത്രീസമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടിയിരിക്കുന്നു. ഇവരോടൊപ്പമുള്ള വനിതാ നേതാക്കള്‍ തന്നെ ഇവര്‍ക്കെതിരേ രംഗത്തുവരേണ്ട കാലം കഴിഞ്ഞു. പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീ വോട്ടര്‍മാരാണു കേരളത്തിലുള്ളത്. അധികാരക്കസേരകള്‍ ഇവര്‍ക്കു ലഭിച്ചത് ഈ സ്ത്രീവോട്ടര്‍മാരുടെ വോട്ടിന്റെ പിന്‍ബലത്തിലുമാണ്.   ി
Next Story

RELATED STORIES

Share it