Idukki local

പാണംകാട്ട് ടീച്ചര്‍ക്ക് വെട്ടിമറ്റം സ്‌കൂളിന്റെ യാത്രാമൊഴി

തൊടുപുഴ: ത്രേസ്യാമ്മ ടീച്ചറിന് വെട്ടിമറ്റം സ്‌കൂളിന്റെ പ്രണാമം. 1955ല്‍ വെട്ടിമറ്റം ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ തുടങ്ങിയപ്പോള്‍ മുതല്‍ പ്രഥമ അധ്യാപികയായി സേവനമനുഷ്ഠിച്ച ശേഷം 1991 മാര്‍ച്ച് 31നാണ് പാണംകാട്ട് ത്രേസ്യാമ്മ (81)വിരമിച്ചത്. എന്നിട്ടും വെട്ടിമറ്റം നിവാസികളുടെ മനസ്സുകളില്‍ പാണംകാട്ട് ടീച്ചര്‍ എന്നുമുണ്ടായിരുന്നു.അതിനാലാണ് കഴിഞ്ഞ ദിവസം അന്തരിച്ച ടീച്ചറിന്റെ അന്തിമോപചാര ചടങ്ങ് സ്‌കൂളിലാക്കിയത്.
ഇന്ന് വൈകിട്ട് മൂന്ന് മുതല്‍ നാല് വരെയാണ് ചടങ്ങുകള്‍.സ്‌കൂളില്‍ 36 വര്‍ഷമാണ് ജോലി ചെയ്തത്. ഇതിനിടയില്‍ മൂന്ന് തലമുറയില്‍പ്പെട്ടവരെ അറിവിന്റെ ലോകത്തേയ്‌ക്കെത്തിച്ചു.അവരില്‍ നിരവധി പേര്‍ ഉന്നത തലത്തിലെത്തിപ്പെട്ടു. അവിവാഹിതയായ ടീച്ചര്‍ കുറച്ചുനാളുകളായി കിടപ്പിലായിരുന്നു.
1955ല്‍ വെട്ടിമറ്റം സ്‌കൂള്‍ ആരംഭിക്കാന്‍ നാട്ടുകാരില്‍ നിന്ന് പണവും സഹായവും സ്ഥലവും നേടിയെടുക്കാന്‍ ടീച്ചര്‍ തന്നെയാണ് മുന്നില്‍ നിന്നത്.19ാംമത്തെ വയസില്‍ ജോലിയില്‍ പ്രവേശിച്ച ടീച്ചര്‍ തന്റെ ശിഷ്യഗണത്തിന് വേണ്ടി ദാമ്പത്യ ജീവിതം ഉപേക്ഷിക്കുകയായിരുന്നു.
വിദ്യാര്‍ഥികളുടെ പ്രിയങ്കരിയായിരുന്ന ടീച്ചറിന്റെ മരണം സഹ അധ്യാപകര്‍ക്കും പൂര്‍വ വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും നൊമ്പരമായി.ബുധനാഴ്ച 10 മണിക്ക് ടീച്ചറിന്റെ സംസ്‌കാരം അഞ്ചിരി സെന്റ്. മാര്‍ട്ടിന്‍ പളളിയില്‍ നടക്കും.
Next Story

RELATED STORIES

Share it