പാഠ്യപദ്ധതിയില്‍ കളരിപ്പയറ്റ്; വാഗ്ദാനം നടപ്പായില്ല

കെ എം അക്ബര്‍

ചാവക്കാട്: വിദ്യാര്‍ഥികളില്‍ കായികക്ഷമത വളര്‍ത്താന്‍ സംസ്ഥാന സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ കളരിപ്പയറ്റ് ഉള്‍പ്പെടുത്തുമെന്ന കഴിഞ്ഞ സര്‍ക്കാരിന്റെ വാഗ്ദാനം നടപ്പായില്ല. സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനവും കളരിപ്പയറ്റു സംഘടനകള്‍ തമ്മിലുള്ള പൊരുത്തക്കേടുമാണ് വാഗ്ദാനം നടപ്പാവാത്തതിന്റെ കാരണമെന്നാണ് പ്രധാന ആരോപണം.
2008ലാണ് കളരിപ്പയറ്റ് പാഠ്യവിഷയമാക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചത്. വിദ്യാര്‍ഥികളില്‍ ഉ ല്‍സാഹം, ബുദ്ധി, അച്ചടക്കം, ഏകാഗ്രത എന്നിവ ഉണ്ടാക്കുന്നതിനോടൊപ്പം കായിക മികവു നേടാനും കഴിയുമെന്നതിനാ ല്‍ സ്‌കൂളുകളില്‍ കളരിപ്പയറ്റ് പാഠ്യവിഷയമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനു പുറമെ ജിംനാസ്റ്റിക്‌സ്, യോഗ, നീന്തല്‍ എന്നിവയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി. വടി, വാള്‍ തുടങ്ങിയ ആയുധങ്ങള്‍ ഒഴിവാക്കിയാണ് സ്‌കൂളുകളില്‍ കളരിപ്പയറ്റ് പരിശീലിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനു പിന്നാലെ പദ്ധതി ആരംഭിക്കുന്നതിനായുള്ള പ്രാഥമിക നടപടികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഇതിനായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കളരിപ്പയറ്റ് അസോസിയേഷന്‍ എന്നിവ ചേര്‍ന്ന് കളരിപ്പയറ്റ് പരിശീലകരായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 650 പേരെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. മൂന്നു ദിവസത്തെ പരിശീലന ക്യാംപില്‍ നിന്നായിരുന്നു ഇവരെ തിരഞ്ഞെടുത്തത്.
2010 ജൂണോടെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ കളരിപ്പയറ്റ് പഠനത്തിന് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുകയായിരുന്നു ലക്ഷ്യം. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും സ്‌കൂളുകളില്‍ കളരിപ്പയറ്റ് പഠനം നിര്‍ബന്ധമാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിന്റെ ഭാഗമായി കോഴിക്കോട് പണ്ഡിതസദസ്സും സംഘടിപ്പിച്ചിരുന്നു. അന്നത്തെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന ടി പി ദാസന്‍ ചെയര്‍മാനായി 15 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഇതില്‍നിന്ന് അഞ്ചു പേര്‍ ഉള്‍പ്പെട്ട സിലബസ് കമ്മിറ്റിയുമുണ്ടാക്കി. എന്നാല്‍, ഏഴു വര്‍ഷമായിട്ടും പദ്ധതി യാഥാര്‍ഥ്യമായില്ല. പരിശീലനത്തിനായി തിരഞ്ഞെടുത്ത 650ഓളം പേരുടെ ജോലിക്കായുള്ള കാത്തിരിപ്പ് ഇപ്പോഴും നീളുകയാണ്.
കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റ് സ്‌കൂളില്‍ പരിശീലിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാ ന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് തൃശൂര്‍ ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. എന്നാ ല്‍, ഇതു സംബന്ധിച്ച ഒരു തീരുമാനവും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല.
Next Story

RELATED STORIES

Share it