പാഠപുസ്തകം ലഭിച്ചില്ലെന്ന പരാതി; പ്രധാനാധ്യാപികയ്‌ക്കെതിരേ കര്‍ശന നടപടി: വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ പാഠപുസ്തകം ലഭിച്ചില്ലെന്നു മാധ്യമങ്ങളിലൂടെ പരസ്യമായി പ്രസ്താവന നടത്തിയ നെയ്യാറ്റിന്‍കര ഗവ. മോഡല്‍ ഗേള്‍സ് എച്ച്എസ്എസിലെ പ്രധാനാധ്യാപികയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. സര്‍ക്കാരിനും വിദ്യാഭ്യാസവകുപ്പിനും ചീത്തപ്പേരുണ്ടാക്കാന്‍ കരുതിക്കൂട്ടി അധ്യാപിക രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അധ്യാപികയ്‌ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ പാഠപുസ്തക വിതരണമെല്ലാം പൂര്‍ത്തിയായതാണ്. രണ്ടാംഘട്ടത്തില്‍ കെബിപിഎസിനു ലഭിച്ച കണക്കുപ്രകാരമുള്ള പുസ്തകമെല്ലാം നല്‍കിക്കഴിഞ്ഞു. ഏതെങ്കിലും സ്‌കൂളുകളില്‍ പുസ്തകം ലഭിക്കാനുണ്ടെങ്കില്‍ വിവരം നല്‍കണമെന്നു കെബിപിഎസ് അറിയിച്ചിരുന്നു. എന്നാല്‍, ആരും ഇതുവരെയായും പരാതി നല്‍കിയിരുന്നില്ല.
നെയ്യാറ്റിന്‍കര ഗവ. മോഡല്‍ സ്‌കൂളില്‍ പുതുതായി ചേര്‍ന്ന 12 കുട്ടികള്‍ക്കാണ് പുസ്തകം ലഭിക്കാനുണ്ടായിരുന്നത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ സ്‌കൂളിലെ പ്രധാനാധ്യാപിക ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിരുന്നില്ലെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംസ്ഥാനത്തൊരിടത്തും പാഠപുസ്തകം ലഭിക്കാത്തതായി പരാതി കിട്ടിയിട്ടില്ലെന്നാണ് ഡിപിഐയുടെ റിപോര്‍ട്ട്. വിദ്യാര്‍ഥികളെ മുന്നില്‍നിര്‍ത്തി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതിനാണ് അധ്യാപിക ശ്രമിച്ചത്.
അധികമായി വേണ്ട പുസ്തകത്തിനുള്ള ഇന്റന്റ് നല്‍കിയിരുന്നുവെന്നാണ് അധ്യാപികയുടെ വാദം. എന്നാല്‍, പരിശോധനയില്‍ ഇതുസംബന്ധിച്ച യാതൊരു രേഖയും അവര്‍ക്കു ഹാജരാക്കാനായില്ല. ഉത്തരവാദിത്തമുള്ള അധ്യാപികയായിരുന്നുവെങ്കില്‍ തൊട്ടടുത്തുള്ള എഇഒ ഓഫിസില്‍ പുസ്തകം കിട്ടാത്ത വിവരം അറിയിക്കുമായിരുന്നു. എന്നാല്‍, സര്‍ക്കാരിനെ ചെറുതാക്കി കാണിക്കാനുള്ള ശ്രമമാണ് നടന്നത്. പ്രധാനാധ്യാപികയുടെ നടപടി അവരുടെ പദവിക്ക് നിരക്കാത്തതാണെന്നും വിദ്യാഭ്യാസമന്ത്രി കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it