ernakulam local

പാടശേഖരത്തില്‍നിന്നുള്ള കളിമണ്‍ ഖനനം നാട്ടുകാര്‍ തടഞ്ഞു

കോതമംഗലം: പാടശേഖരത്തില്‍നിന്നും വന്‍തോതില്‍ കളിമണ്‍ കടത്തിക്കൊണ്ടുപോവാനുള്ള ശ്രമം നാട്ടുകാര്‍ സംഘടിച്ചെത്തി തടഞ്ഞു.
നെല്ലിക്കുഴി മേതല പള്ളിപ്പടിക്ക് സമീപം തോട്ടത്തിക്കുളം നൂര്‍മുഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പാടശേഖരത്തില്‍നിന്നും കടത്തുകയായിരുന്ന കളിമണ്‍ ഖനനമാണ് നാട്ടുകാര്‍ തടഞ്ഞത്. 3 ഏക്കറോളംവരുന്ന ഇയാളുടെ പാടശേഖരത്തിലെ 50 സെന്റോളം വരുന്ന സ്ഥലത്തുനിന്നായിരുന്നു കളിമണ്ണ് കടത്തിയിരുന്നത്.
അലങ്കാര മല്‍സ്യകൃഷി നടത്തുന്നതിന് എന്ന വ്യാജേനയായിരുന്നു കളിമണ്ണ് കടത്ത്. തൃശൂരിലുള്ള ഓട് നിര്‍മാണ ഫാക്ടറിയിലേക്ക് ഓടു നിര്‍മാണത്തിനായിട്ടായിരുന്നു കളി മണ്ണ് കടത്തിക്കൊണ്ടു പോയിരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ 3 ദിവസമായി നടന്നുവന്നിരുന്ന കളിമണ്ണ് കടത്തിനെപ്പറ്റി നാട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ അലങ്കാര മല്‍സ്യകൃഷിക്കാണെന്നാണ് ബന്ധപ്പെട്ടവര്‍ നാട്ടുകാരോട് പറഞ്ഞത്.
സംശയം തോന്നിയ നാട്ടുകാര്‍ ആര്‍ഡിഒയിലും പോലിസിലും പരാതിപ്പെട്ടെങ്കിലും തടയാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്. അധികൃതരുടെ ഒത്താശയോടെയാണ് കളിമണ്ണ് ഖനനമെന്നും താലുക്കിന്റെ വിവിധഭാഗങ്ങളില്‍ നിന്നും മണ്ണ് കടത്ത് വ്യാപകമാണെന്നുമുള്ള ആക്ഷേപവും വ്യാപകമായിട്ടുണ്ട്. ഈ ആഴ്ചയില്‍തന്നെ നേര്യമംഗലം നീണ്ടപാറയില്‍നിന്നും കളിമണ്ണ് കടത്തിയ 15 വാഹനങ്ങളും ഡ്രൈവര്‍മാരും സഹായികളും ഉള്‍പ്പെടെ 17 ഓളം പേരെയും എസ്പിയുടെ നിര്‍ദേശാനുസരണം ഷാഡോ പോലിസ് പിടികൂടിയിരുന്നു.
മേതലയില്‍ അന്വേഷിക്കാനെന്ന പേരില്‍ 2 പോലിസുകാരെത്തിയെങ്കിലും തങ്ങളുടെ അധികാര പരിധിയില്‍പ്പെട്ട സ്ഥലമല്ലെന്ന് പറഞ്ഞ് പിന്‍വാങ്ങിയതായി നാട്ടുകാര്‍ അറിയിച്ചു.
ഇതിനെ തുടര്‍ന്ന് ഇന്നലെ നാട്ടുകാര്‍ സംഘടിച്ചെത്തി ഖനനം തടയുകയായിരുന്നു. 10 അടിയിലധികം താഴ്ചയിലാണിവിടെ ഖനനം നടത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it