ernakulam local

പാടം നികത്തുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം; ആറുപേര്‍ക്ക് പരിക്കേറ്റു

പെരുമ്പാവൂര്‍: പാടം മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട് സ്ഥലമുടമയും തടയാനെത്തിയവരും തമ്മില്‍ സംഘര്‍ഷം. അടിപിടിയില്‍ ആറുപേര്‍ക്ക് പരിക്കേറ്റു.
ഇരിങ്ങോള്‍ പട്ടശ്ശേരി മനക്കപ്പടി ജങ്ഷന് സമീപമുള്ള ചിറങ്ങന്‍കുളം പാടശേഖരത്തിലെ എട്ടു സെന്റ് സ്ഥലം നികത്തുന്നതിനിടെയാണ് സംഘര്‍ഷം. തടയാനെത്തിയ ഇരിങ്ങോളിലെ മുല്ലശ്ശേരി വീട്ടുകാരായ വിനോദ് (32), ജയന്‍ (45), അമ്മിണി (70) എന്നിവര്‍ക്കും സ്ഥലയുടമ വട്ടക്കാട്ടുപടി കാനാമ്പുറം വീട്ടില്‍ അസീസ് (40), സഹോദരന്‍ റഹീം (31) പിതാവ് കുഞ്ഞി പരീത് (66) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 9.30ന് അസീസ് വീടു പണിയുന്നതിനായി തറ കെട്ടുന്നതിനിടയിലാണ് ഒരു സംഘം ആളുകള്‍ തടയാനെത്തിയത്.
പാടശേഖരം മണ്ണിട്ട് നികത്തുന്നതിനെതിരേ ആറു മാസം മുമ്പ് പട്ടശ്ശേരി റസിഡന്റ്‌സ് അസോസിയേഷന്‍ കലക്ടര്‍ക്ക് പരാതി നല്‍കി സറ്റോപ്പ് മെമ്മോ വാങ്ങിയിരുന്നു. പഞ്ചായത്തും സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നതാണ്.
സ്റ്റോപ്പ് മെമ്മോക്കെരിരേ ഹൈക്കോടതി ഉത്തരവ് വാങ്ങിയാണ് വീടുപണി ആരംഭിച്ചതെന്ന് അസീസ് പറഞ്ഞു. സ്‌റ്റോപ്പ് മെമ്മോ നിലനില്‍ക്കെ പാടം നികത്താന്‍ ശ്രമിക്കുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കുറുപ്പംപടി പൊലിസും സ്ഥലത്തെത്തി. പൊലിസ് സ്ഥലത്ത് എത്തിയ ശേഷമാണ് അടിപിടിയുണ്ടായത്.
സ്ഥലയുടമയുടെ പക്കല്‍ പഴയൊരു ഉത്തരവിന്റെ കോപ്പി മാത്രമാണ് ഉള്ളതെന്നും പ്രശ്‌നമുള്ള സ്ഥലത്തിന്റെ സര്‍വെ നമ്പറിലുള്ള നിലം നികത്തുന്നതിനുള്ള രേഖകള്‍ ഇല്ലെന്നും കുറുപ്പംപടി എസ്‌ഐ സോണി മത്തായി പറഞ്ഞു.
പാടം നികത്തി വീട് പണിയണമെങ്കില്‍ പഞ്ചായത്ത് സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവ് വേണമെന്നും ഇത് ഇവരുടെ പക്കല്‍ ഇല്ലെന്നും എസ്‌ഐ പറഞ്ഞു. സംഭവത്തില്‍ ഇരു കൂട്ടര്‍ക്കെതിരേയും പൊലിസ് കേസെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it