kannur local

പാച്ചേനിക്ക് 14 ലക്ഷത്തിന്റെ ബാധ്യത; കടന്നപ്പള്ളിയുടെ കൈയില്‍ 1,000 രൂപ

കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 14 ലക്ഷം രൂപയുടെ ബാധ്യതയെന്ന് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലം. 3,94,390 രൂപയുടെ വാഹനവായ്പ, 7,02,226 രൂപയുടെ ഭവനവായ്പ, 2,39,974 രൂപയുടെ സ്വര്‍ണ വായ്പ എന്നിങ്ങനെയാണ് ബാധ്യത ലിസ്റ്റിലുള്ളത്. സതീശന്റെ കൈവശം 11000 രൂപയും ഭാര്യയുടെ കൈവശം 7200 രൂപയുമുണ്ട്. ഭാര്യയുടെ പേരില്‍ കാര്‍ഷിക ബാങ്കില്‍ 49,934 രൂപയുടെ വായ്പയുണ്ട്. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 12,555 രൂപ നിക്ഷേപമുണ്ട്. തളിപ്പറമ്പ് പുളിമ്പറമ്പില്‍ 12 ലക്ഷം രൂപയ്ക്കു വാങ്ങിയ ഒമ്പത് സെന്റ് ഭൂമിയും വീടുമുണ്ട്. ഇപ്പോള്‍ ഇതിനു 15 ലക്ഷം രൂപ വിലമതിക്കും. 6,71,433 രൂപയുടെ മാരുതി സ്വിഫ്റ്റ് കാറുണ്ട്. ഭാര്യയ്ക്ക് 24 പവനും മകള്‍ക്ക് 21000 രൂപയുടെയും സ്വര്‍ണമുണ്ട്. മകന്റെ പേരില്‍ സ്വത്തോ ആഭരണമോ ഇല്ലെന്നും സത്യവാങ് മൂലത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടന്നപ്പള്ളി രാമചന്ദ്രന്റെ ബാധ്യത 165058 രൂപയാണ്. കൈവശമുള്ളത് ആയിരം രൂപയാണ്. ഭാര്യയുടെ കൈയ്യില്‍ 5000 രൂപയുണ്ട്. കടന്നപ്പള്ളിക്ക് 5,02,115 രൂപയുടെയും ഭാര്യയ്ക്ക് 12500 രൂപയുടെയും ആസ്തിയുണ്ട്. കടന്നപ്പള്ളിക്ക് കാറും വീടും ഉള്‍പ്പെടെ 52.2 ലക്ഷത്തിന്റെയും ഭാര്യയ്ക്ക് 16 ലക്ഷത്തിന്റെയും സ്വത്തുണ്ട്.
മട്ടന്നൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംഎല്‍എയുമായ ഇ പി ജയരാജന് സ്വന്തം പേരില്‍ ഭൂമിയുമില്ല ബാധ്യതയുമില്ല. എന്നാല്‍ ഭാര്യയുടെ പേരില്‍ ഒരിടത്ത് 34 സെന്റും വീടും മറ്റൊരിടത്ത് 30 സെന്റും ഭൂമിയുണ്ട്. 2.10 ഏക്കര്‍ കുടുംബസ്വത്തില്‍ മൂന്നിലൊരു ഭാഗവുമുണ്ട്. 1.75 ലക്ഷത്തിന്റെ ഭവനവായ്പ ഉള്‍പ്പെടെ മൂന്നു ലോണുകളിലായി ഭാര്യയ്ക്ക് 5.50 ലക്ഷത്തിന്റെ ബാധ്യതയുണ്ട്. ഇ പി ജയരാജനു വിവിധ ബാങ്കുകളിലായി 196617 രൂപയും ഭാര്യയുടെ പേരില്‍ 635052 രൂപയുടെയും ആസ്തിയുണ്ട്. ഇപിയുടെ കൈവശം പണമായുള്ളത് 8568 രൂപയും ഭാര്യയുടെ കൈയ്യില്‍ 6358 രൂപയുമുണ്ട്. കൈരളി ചാനലില്‍ ഇരുവരുടെയും പേരില്‍ 5000 വീതം രൂപയുടെ ഓഹരിയുണ്ട്. ഭാര്യയ്ക്ക് 250 ഗ്രാം സ്വര്‍ണമുണ്ട്. അഴീക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി മുസ്‌ലിംലീഗിലെ കെ എം ഷാജി സ്വത്ത് വിവരങ്ങളടങ്ങിയ സത്യവാങ് മൂലം നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയിട്ടില്ല.
അഴീക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എം വി നികേഷ്‌കുമാര്‍ കോടീശ്വരനാണ്. ഒരു കാറും ഒരു പവന്‍ സ്വര്‍ണവും ഉള്‍പ്പെടെ നികേഷിന്റെ ആസ്തി 4,68,40,877 രൂപയാണ്. ഭാര്യയ്ക്ക് 20 പവനുള്‍പ്പെടെ 42,16,322 രൂപയാണു ആസ്തി. നികേഷിനെതിരേ 57 കേസുകളാണുള്ളത്. ഇതില്‍ രണ്ടെണ്ണം വാര്‍ത്താസംബന്ധമായതും ഒരെണ്ണം സെന്‍ട്രല്‍ ടാക്‌സ് എക്‌സൈസുമായും ബന്ധപ്പെട്ടതാണ്. ബാക്കിയുള്ളവയെല്ലാം ചെക്ക് കേസുകളാണ്.
Next Story

RELATED STORIES

Share it