ernakulam local

പാചകവാതക വില കൂടി: അടുപ്പിലെ തീയണയും, നെഞ്ചില്‍ തീയാളും

കൊച്ചി: പെട്രോള്‍,ഡീസല്‍ വിലവര്‍ധനയ്ക്ക് പിന്നാലെ ജനത്തിന് ഇരുട്ടടിയായി പാചകവാതക വിലയും കൂടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സബ്‌സിഡി സിലിണ്ടറിന് 22 രൂപയും സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 23 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സബ്‌സിഡിയുള്ള സിലിണ്ടറിന്റെ വില 563.50 രൂപയും സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 569.50 രൂപയുമായി.
വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 38 രൂപ കൂടി. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1057.50 രൂപയായി ഉയര്‍ന്നു. സബ്‌സിഡിയുള്ള സിലിണ്ടറിന്റെ സബ്‌സിഡി ഇനത്തില്‍ 118.81 രൂപ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലെത്തും. മെയ്മാസം ആദ്യവാരം സബ്‌സിഡി ഇല്ലാത്ത പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചിരുന്നു. മാസം തോറും എണ്ണവിലയിലുണ്ടാവുന്ന വ്യത്യാസമാണ് പാചകവാതകവിലയിലും പ്രതിഫലിക്കുന്നതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ പാചകവാതകവിലയില്‍ ചാഞ്ചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ കാലയളവില്‍ മൂന്ന് തവണ പാചകവാതകവില കൂടുകയും മൂന്നു തവണ വില കുറയുകയും ചെയ്തു. 2015 ഡിസംബറില്‍ സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന്റെ വില 622.50 രൂപയും സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന്റെ വില 635.50 രൂപയും വ്യാവസായിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 1200 രൂപയുമായിരുന്നു.
പെട്രോളിന്റെയും ഡീസലിന്റെയും വില ചൊവ്വാഴ്ച വര്‍ധിപ്പിച്ചിരുന്നു. പെട്രോളിന് 2.58 രൂപയും ഡീസലിന് 2.26 രൂപയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണവിലയും ഡോളര്‍-രൂപ വിനിമയ നിരക്കും കണക്കിലെടുത്താണ് പാചകവാതക വില വര്‍ധനയെന്നാണ് എണ്ണകമ്പനികളുടെ വാദം. പാചകവാതക വില വര്‍ധന ഏറ്റവും അധികം ബാധിക്കുന്നത് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളെയാണ്.
കേരളത്തിലെ എതാണ്ട് 75 നും 90 ശതമാനത്തിനിടയിലുളള കുടുംബങ്ങള്‍ പാചവാതകത്തെ ആശ്രയിച്ചാണ് കഴിയുന്നത്. ഇവര്‍ക്ക് അക്ഷരാര്‍ഥത്തില്‍ വലിയ തിരിച്ചടി തന്നെയാണ് ഇപ്പോഴുണ്ടായിരിക്കുന്ന വില വര്‍ധനവ്. വാണിജ്യ ആവശ്യത്തിനുളള സിലിണ്ടറുകളുടെ വിലയും വര്‍ധിപ്പിച്ചിരിക്കുന്നതിനാ ല്‍ ഹോട്ടല്‍ ഭക്ഷണത്തിനും വരും ദിവസങ്ങളില്‍ വില ഉയരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Next Story

RELATED STORIES

Share it