kozhikode local

പാചകവാതക ലോറി കണ്ടെയ്‌നറുമായി കൂട്ടിയിടിച്ചു

കൊയിലാണ്ടി: ദേശീയപാതയില്‍ ചെങ്ങോട്ട്കാവ് മേല്‍പാലത്തിന് മുകളില്‍ ഡ്രൈവറില്ലാതെ നീങ്ങിയ പാചകവാതക ലോറിയും മല്‍സ്യം കയറ്റിവന്ന കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു. അപകടത്തെ തുടര്‍ന്ന് ഗ്യാസ് ചോര്‍ന്നെന്ന അഭ്യൂഹം ഭീതിപരത്തി. അപകടത്തില്‍ പരിക്കേറ്റ ടാങ്കര്‍ ലോറി ഡ്രൈവര്‍ ഹമീദിനെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ യാണ് അപകടം.
മംഗലാപുരത്ത് നിന്ന് കോയമ്പത്തൂക്ക് പാചകവാതകവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് ഡ്രൈവറില്ലാതെ നിയന്ത്രണംവിട്ട് എതിരെ വന്ന വടകര ഭാഗത്തേക്ക് മല്‍സ്യവുമായി പോവുന്ന ലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ ലോറിയുടെ മുന്‍ഭാഗത്തെ ഗ്ലാസുകള്‍ തകര്‍ന്നു. അപ്രതീക്ഷിതമായി അപകടത്തെ തുടര്‍ന്ന് മീന്‍ വണ്ടി നിര്‍ത്തിയപ്പോള്‍ പിറകില്‍ വന്ന മറ്റൊരു പിക്കപ്പ് മിനി വണ്ടി അപകടത്തില്‍പെട്ടു. വടക്ക് ഭാഗത്ത് നിന്നു വന്ന ലോറി ടവേരവാനിലും ഇടിക്കുകയുണ്ടായി.
മേല്‍പാലത്തിനു മുകളില്‍വച്ച് പാചകവാതക ലോറിയെ ഉരസി കടന്നു പോയ മണല്‍ വണ്ടിയുടെ പടം മൊബൈലില്‍ പകര്‍ത്താന്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഇറങ്ങിയതായിരുന്നു. ഇതിനിടെ ഗ്യാസ് വണ്ടി മുന്നോട്ടുനീങ്ങുകയും എതിരെ വന്ന മല്‍സ്യവണ്ടിയുമായി കൂട്ടിയിടിച്ച് നടപ്പാതയോട് ചേര്‍ന്നു നില്‍ക്കുകയുമായിരുന്നു.
പാചകവാതക ചോര്‍ച്ചയുണ്ടെന്ന അഭ്യൂഹം പരന്നതോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ മാനേജര്‍, സേഫ്റ്റി ഓഫിസറുള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വാതക ചോര്‍ച്ച ഇല്ലെന്ന് സ്ഥിരീകരിച്ചു. കെ ദാസന്‍ എംഎല്‍എ, സിഐ ആര്‍ ഹരിദാസ്, എസ്‌ഐ നിപുന്‍ ശങ്കര്‍, തഹസില്‍ദാര്‍ സജീവ് ദാമോദര്‍, ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരന്‍, സ്ഥലത്തെത്തിയിരുന്നു. അപകടത്തില്‍പെട്ട പാചകവാതക ടാങ്കര്‍ ലോറിയില്‍ നിന്ന് കണ്ടയ്‌നര്‍ മറ്റൊരു ലോറിയിലേക്ക് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
പുലര്‍ച്ചെ പാചകവാതകടാങ്കര്‍ ലോറിയെ ഉരസി കടന്നുപോയ മണല്‍ ലോറിയെ കുറിച്ചും പോലിസ് അന്വേഷണം ആരംഭിച്ചു. അപകടകരമായ രീതിയില്‍ ലോറി നിര്‍ത്തിയതിനെതിരെ ഡ്രൈവര്‍ക്കെതിരെ കേസെടുത്തതായി സിഐ ആര്‍ ഹരിദാസ് അറിയിച്ചു. ഏഴര മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.
Next Story

RELATED STORIES

Share it