ernakulam local

പാചകവാതകം കിട്ടിയില്ല; ഏജന്‍സി ഓഫിസിനു മുന്നില്‍ വികലാംഗന്‍ ആത്മഹത്യക്ക് ശ്രമിച്ചു

വൈപ്പിന്‍: പാചകവാതക സിലിണ്ടര്‍ കിട്ടാതെ ഏജന്‍സി ഓഫിസ് കയറിയിറങ്ങി വലഞ്ഞ വികലാംഗന്‍ ഏജന്‍സി ഓഫിസിനു മുന്നില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
അഗ്നിശമന സേനയില്‍ നിന്നും വിരമിച്ച ചെറായി കൈതവളപ്പില്‍ സുന്ദരന്‍ (60)ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ പള്ളത്താം കുളങ്ങരയിലെ ഇഡേന്‍ പാചകവാതക വിതരണക്കാരായ എ ആന്റ് എ ഏജന്‍സിയുടെ ഓഫിസിനു മുന്നിലായിരുന്നു സംഭവം. കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച ശേഷം തീ കൊളുത്തുമെന്ന് ഭീഷണി മുഴക്കിയ ഇയാളെ ഓഫിസിലുണ്ടായിരുന്നവരും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ സ്ഥലത്തെത്തിയ മുനമ്പം പോലിസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ബുക്ക് ചെയ്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഗ്യാസ് ലഭിക്കാതെ കഴിഞ്ഞ രണ്ടാഴ്ചയായി ഏജന്‍സി ഓഫിസ് കയറിയിറങ്ങുന്ന വികലാംഗനായ ഇയാള്‍ക്ക് ഏജന്‍സി ഗ്യാസ് നല്‍കാന്‍ കൂട്ടാക്കിയില്ലെന്ന് ഇയാള്‍ പോലിസിനോട് പറഞ്ഞു.
ഒരു കാല്‍ ഇല്ലാത്തെ വികലാംഗനായ ഈ വയോധികന്‍ വളരെ ബുദ്ധിമുട്ടിയാണ് ആറു കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ നിന്നും സിലിണ്ടറിനായി ദിവസവും പള്ളത്താംകുളങ്ങരയിലെത്തുന്നത്. അവസാനം സിലിണ്ടര്‍ ലഭിക്കാതെ വന്നപ്പോള്‍ ഗത്യന്തരമില്ലാതെയാണ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയതത്രേ. ഇതേ തുടര്‍ന്ന് പോലിസ് ഇടപ്പെട്ട് ഇയാള്‍ക്ക് ഇന്ന് സിലിണ്ടര്‍ നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. അതേ സമയം കഴിഞ്ഞ മൂന്നു മാസത്തോളമായി ചെറായി , പള്ളിപ്പുറം, എടവനക്കാട് , മാലിപ്പുറം , വളപ്പ് , ഫോര്‍ട്ട് വൈപ്പിന്‍ മേഖലകളില്‍ പാചകവാതകത്തിനു വന്‍ ക്ഷാമം നേരിടുന്നുണ്ടെന്ന് വ്യാപകമായ പരാതിയുണ്ട്. റീഫില്‍ ബുക്ക് ചെയ്ത് 60 ദിവസം കഴിഞ്ഞാലും സിലിണ്ടര്‍ ലഭിക്കാത്ത അവസ്ഥയാണെന്നാണ് പരാതി. പലരും ഗ്യാസ് ഏജന്‍സിയിലെത്തി ബഹളം കൂട്ടിയാണ് സിലിണ്ടര്‍ വാങ്ങിക്കൊണ്ടു പോവുന്നത്. ഈ സാഹചര്യത്തില്‍ ഈ രീതിയിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്ഥലം എംഎല്‍എയും ജില്ലാ കലക്ടറും ഇടപെട്ട് ഉപയോക്താക്കള്‍ക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍ പാചകവാതക സിലിണ്ടര്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്ന് ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it