kasaragod local

പാചകക്കാരന്‍ കരീമിന് സ്‌പോര്‍ട്‌സ് വെറും വാചകമല്ല

കാഞ്ഞങ്ങാട്: പാചകക്കാരന്‍ കരീമിന് ഫുട്‌ബോളും ക്രിക്കറ്റും വെറും വാചകമല്ല. ഇവയ്ക്ക് വേണ്ടി ജീവിക്കുകയാണ് അജാനൂര്‍ ഇക്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ പഴയകാലത്തെ ഫുട്‌ബോള്‍താരം കരീം എന്ന അബ്ദുല്‍കരീം. ഫുട്‌ബോളിലും ക്രിക്കറ്റിലും പുതുതലമുറകളെ കണ്ടെത്താന്‍ ഇദ്ദേഹം പാതയൊരുക്കുന്നു.
പത്താം വയസ്സില്‍ ഫുട്‌ബോള്‍ കളത്തിലിറങ്ങി പിന്നീട് അറിയപ്പെടുന്ന കളിക്കാരനായി മാറിയ കരീം ഇന്ന് ഫുട്‌ബോളിലും ക്രിക്കറ്റിലും കുട്ടികളെ പരിശീലിപ്പിക്കുകയാണ്. അതോടൊപ്പം സ്വന്തം ടീമുണ്ടാക്കി ടൂര്‍ണ്ണമെന്റുകളില്‍ വിജയം കൊയ്യുന്നു. കഴിഞ്ഞ വര്‍ഷം ക്രിക്കറ്റിലും ഫു്ട്‌ബോളിലുമായി മൂന്ന് ലക്ഷത്തോളം രൂപ വരെ കാഷ് അവാര്‍ഡും നിരവധി ട്രോഫികളുമാണ് കരീമിന്റെ നേതൃത്വത്തില്‍ സ്വന്തമാക്കിയത്. പത്താം വയസ്സില്‍ അതിഞ്ഞാല്‍ നാസര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ഫുട്‌ബോള്‍ കളി തുടങ്ങിയ കരീം പിന്നീട് ക്ലബ്ബ് ഇപ്പോഴത്തെ അരയാല്‍ ബ്രദേഴ്‌സ് ആയപ്പോള്‍ ടീമിന്റെ മുന്‍നിരയിലെത്തി.
14ാം വയസ്സില്‍ പിതാവ് കപ്പണക്കാല്‍ അബ്ദുല്ലയ്‌ക്കൊപ്പം പാചക ജോലിക്കും സഹായിയായി പോയിരുന്നു. കരീം ഇന്ന് പിതാവിന്റെ പാത പിന്തുടര്‍ന്ന് പാചക ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. സ്‌പോര്‍ട്‌സ് കമ്പം ഏറിയാല്‍ ജോലി ഉപേക്ഷിച്ച് ടീമിനെയും കൊണ്ട് ടൂര്‍ണ്ണമെന്റുകളിലേക്ക് പോകുന്ന കരീമിന് ഇന്ന് സ്വന്തമായി ഒരു ക്ലബ്ബുണ്ട്. എഫ്‌സി കപ്പണക്കാല്‍ എന്ന് പേരിലാണ് ക്ലബ്ബ് രൂപീകരിച്ചത്. ഏഴിന് ബദിയടുക്കയില്‍ ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കുന്ന ക്രിക്കറ്റ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ ടീമിനെ പരിശീലിപ്പിക്കുന്ന തിരക്കിലാണിപ്പോള്‍.
പ്രമുഖ ടീമുകളിലെ താരങ്ങളെയും നൈജീരിയന്‍താരങ്ങളെയും ഇറക്കുമതി ചെയ്താണ് ഫുട്‌ബോള്‍, ക്രിക്കറ്റ് ടൂര്‍ണ്ണമെന്റുകളില്‍ കളിക്കാന്‍ പോകുന്നത്. ഫുട്‌ബോളിനെ നെഞ്ചോട് ചേര്‍ത്ത കാഞ്ഞങ്ങാടിന്റെ സി ടി ഖാദര്‍ എന്ന കൂള്‍ഡ്രിങ്‌സ് ഖാദറിന്റെ പിന്തുടര്‍ച്ചക്കാരനായി സ്‌പോര്‍ട്‌സിനെ പ്രോല്‍സാഹിപ്പിക്കുന്ന കരീം ഈ കായിക കമ്പത്തിന് നല്ലൊരു തുക ചെലവാക്കുന്നു. മകന്‍ അജ്മീറും മികച്ച ഫുട്‌ബോള്‍ കളിക്കാരനാണ്.
Next Story

RELATED STORIES

Share it