പാക് സൈന്യം ഐഎസിന് പരിശീലനം നല്‍കുന്നതായി മുന്‍ ഐഎസ് അംഗം

കാബൂള്‍: അഫ്ഗാന്‍ സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കുന്നതിനായി ഐഎസ് അനുകൂലികളെ പാകിസ്താന്‍ പരിശീലിപ്പിക്കുന്നതായി മുന്‍ ഐഎസ് അംഗത്തിന്റെ വെളിപ്പെടുത്തല്‍.
അവിശ്വാസികളായ അഫ്ഗാന്‍ സൈന്യത്തെ കൊന്നൊടുക്കുന്നതിന് ആയുധവും പരിശീലനവും പാക് സൈന്യം നല്‍കിയതായി കീഴടങ്ങിയ മുന്‍ ഐഎസ് അംഗം സൈത്തൂന്‍ ബുധനാഴ്ച ടോളോ ന്യൂസിനോടു പറഞ്ഞു. അഫ്ഗാനിലെ ഐഎസ് അംഗങ്ങള്‍ക്ക് കനപ്പെട്ട ആയുധങ്ങള്‍ ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും പാക്‌സൈന്യം നിര്‍ലോഭം നല്‍കിയതായും അദ്ദേഹം വെളിപ്പെടുത്തി. തങ്ങളോട് നാസിയാന്‍ ജില്ലയില്‍ ചെന്ന് അഫ്ഗാന്‍ സൈന്യത്തോട് പോരാടാനാണ് ആവശ്യപ്പെട്ടതെന്ന് സൈത്തൂനിന്റെ കൂടെ ഐഎസില്‍ പ്രവര്‍ത്തിച്ചിരുന്ന അറബിസ്താന്‍ പറഞ്ഞു. നിത്യവുമുള്ള വിവരങ്ങള്‍ പഞ്ചാബികളും പാകിസ്താനികളുമായ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. അവര്‍ അഫ്ഗാന്‍ സര്‍ക്കാരിനെതിരേ യുദ്ധം ചെയ്യാനാണ് എപ്പോഴും പ്രോല്‍സാഹിപ്പിച്ചിരുന്നത്- അദ്ദേഹം പറഞ്ഞു. അഫ്ഗാന്‍ സുരക്ഷാ സേനയുടെ നിയന്ത്രണത്തിലുള്ള ഉന്നത സമാധാന കൗണ്‍സിലിന്റെ ശ്രമഫലമായാണ് സൈത്തൂന്‍ ഉള്‍പ്പെടെയുള്ള പത്തംഗ ഐഎസ് സംഘം ആയുധംവച്ച് കീഴടങ്ങിയതെന്ന് പ്രവിശ്യാ കൗണ്‍സില്‍ ചെയര്‍മാനായ മാലിക് നാസിര്‍ വ്യക്തമാക്കി. 24 അംഗങ്ങളടങ്ങിയ രണ്ട് ഐഎസ് സംഘങ്ങളാണ് അവിടെയുണ്ടായിരുന്നത്. 14 അംഗങ്ങളുള്ള താലിബാന്‍ സംഘവും 10 അംഗങ്ങളുള്ള ദായി സംഘവും. ഇതില്‍ ദായി സംഘമാണ് ആദ്യം സമാധാന നീക്കങ്ങളില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it