പാക് സംഘം സ്ഥലം സന്ദര്‍ശിച്ചു

സ്വന്തം  പ്രതിനിധി

ന്യൂഡല്‍ഹി: പഞ്ചാബ് പത്താന്‍കോട്ട് വ്യോമകേന്ദ്രത്തില്‍ ഭീകരാക്രമണമുണ്ടായ സ്ഥലങ്ങള്‍ പാകിസ്താന്‍ പഞ്ചാബ് പോലിസ് ഭീകരവിരുദ്ധ വിഭാഗം അഡീഷനല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുഹമ്മദ് താഹിര്‍ റായിയുടെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണ സംഘം സന്ദര്‍ശിച്ചു. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടികളുടെ പ്രതിഷേധം വ്യോമസേനാ കേന്ദ്രത്തിനു പുറത്തു നടക്കുന്നതിനിടെയാണ് സംഘം സന്ദര്‍ശനം നടത്തിയത്. ഡല്‍ഹിയില്‍ നിന്ന് അമൃത്‌സര്‍ ശ്രീ ഗുരു രാംദാസ് അന്തര്‍ദേശീയ വിമാനത്താവളത്തിലെത്തിയ സംഘം റോഡ് മാര്‍ഗം വ്യോമകേന്ദ്രത്തിലേക്കു പോവുകയായിരുന്നു. പാക് സംഘത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. സംഘത്തോടൊപ്പവും വ്യോമകേന്ദ്രത്തിനു സമീപവും പഞ്ചാബ് പോലിസ് സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കി.പാക് ഇന്റലിജന്‍സ് സംഘടനയായ ഐഎസ്‌ഐയുടെ അടക്കമുള്ള പാക് ഉദ്യോഗസ്ഥരെ വ്യോമകേന്ദ്രം സന്ദര്‍ശിക്കാന്‍ അനുവദിച്ച തീരുമാനത്തിനെതിരേ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടികള്‍ സ്ഥലത്തു പ്രതിഷേധിച്ചു. ഐഎസ്‌ഐ പ്രതിനിധിക്ക് സ്ഥലം സന്ദര്‍ശിക്കാന്‍ സാധിച്ചത് രാജ്യത്തിനു നാണക്കേടാണെന്ന് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായ കപില്‍ മിശ്ര പറഞ്ഞു. നമ്മുടെ സ്വന്തം ജനങ്ങളെ കൊല്ലുന്നവരാണ് ഇപ്പോള്‍ ഇവിടെ വന്നിരിക്കുന്നതെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.എന്നാല്‍, പാക് സംഘത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്തു വന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് പാകിസ്താന്റെ ഭാഗത്തുനിന്ന് ഗൗരവതരത്തിലുള്ള ശ്രമങ്ങളുണ്ടായതായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.നേരത്തെ തീരുമാനിച്ചതുപോലെ പാക് സംഘത്തിന് അക്രമം നടന്ന സ്ഥലം മാത്രം കാണാന്‍ പറ്റുന്ന തരത്തില്‍ വ്യോമകേന്ദ്രത്തിലെ മറ്റു ഭാഗങ്ങള്‍ വ്യത്യസ്ത നിറത്തിലുള്ള ടാര്‍പോളിന്‍ കൊണ്ട് മറച്ചിരുന്നു. ഐഎസ്‌ഐയുടെ ലഫ്. കേണല്‍ പദവിയിലുള്ള ഉദ്യോഗസ്ഥന്‍ തന്‍വീര്‍ അഹ്മദ്, ലാഹോര്‍ ഇന്റലിജന്‍സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അസിം അര്‍ഷാദ്, സൈനിക ഇന്റലിജന്‍സ് ലഫ്. കേണല്‍ ഇര്‍ഫാന്‍ മിര്‍സ തുടങ്ങിയവരാണ് പാക് സംഘത്തിലുള്ള മറ്റ് ഉദ്യോഗസ്ഥര്‍.
Next Story

RELATED STORIES

Share it