Flash News

പാക് യാത്രയ്ക്ക് യുഎസ് സാമ്പത്തികസഹായം നല്‍കി: ഹെഡ്‌ലി

പാക് യാത്രയ്ക്ക് യുഎസ് സാമ്പത്തികസഹായം നല്‍കി: ഹെഡ്‌ലി
X
hedly
മുംബൈ: തന്റെ പാകിസ്താന്‍ യാത്രയ്ക്ക് ഒരിക്കല്‍ അമേരിക്ക സാമ്പത്തികസഹായം നല്‍കിയിരുന്നുവെന്ന് മുംബൈ ആക്രമണക്കേസിലെ മാപ്പുസാക്ഷി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. മുംബൈ ആക്രമണത്തിനു മുമ്പ് 2006 വരെ 70 ലക്ഷം രൂപയോളം ലശ്കറെ ത്വയിബയ്ക്ക് താന്‍ സംഭാവന നല്‍കിയിരുന്നുവെന്നും ഹെഡ്‌ലി വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ നടന്ന വിസ്താരത്തില്‍ വെളിപ്പെടുത്തി.  അമേരിക്കയിലെ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അതോറിറ്റി (ഡിഇഎ)യാണ് പാകിസ്താന്‍ യാത്രയ്ക്ക് സാമ്പത്തികസഹായം നല്‍കിയത്. അതിനു ശേഷമാണ് ഡിഇഎയുമായി താന്‍ ബന്ധപ്പെട്ടത്. എന്നാല്‍, 1988നും 1998നുമിടയില്‍ ഡിഇഎക്ക് താന്‍ വിവരങ്ങള്‍ നല്‍കുകയോ സഹായിക്കുകയോ ചെയ്തിട്ടില്ല. താന്‍ ലശ്കറെ ത്വയിബയില്‍ നിന്ന് പണം പറ്റിയിട്ടില്ല. ലശ്കറെയുമായി ബന്ധപ്പെട്ടിരുന്ന കാലത്ത് 60 മുതല്‍ 70 ലക്ഷം വരെ അവര്‍ക്ക് സംഭാവന നല്‍കിയിട്ടുണ്ട്. 2006ലാണ് അവസാനമായി സംഭാവന നല്‍കിയത്. പണം നല്‍കിയത് ഏതെങ്കിലും പ്രത്യേക പ്രവര്‍ത്തനത്തിനു വേണ്ടിയല്ല. സംഭാവനയ്ക്കുള്ള തുക സമ്പാദിച്ചത് ന്യൂയോര്‍ക്കില്‍ താന്‍ നടത്തിയ വ്യാപാരത്തില്‍ നിന്നാണ്. പാകിസ്താനില്‍ താന്‍ നടത്തിയ വസ്തു ഇടപാടില്‍ നിന്നുള്ള ആദായവും സംഭാവന നല്‍കാന്‍ ഉപയോഗിച്ചു. സംഭാവന നല്‍കിയ വിവരം അമേരിക്കന്‍ അധികൃതരെ അറിയിച്ചതായി ഓര്‍ക്കുന്നില്ലെന്നും ഹെഡ്‌ലി കോടതിയില്‍ ബോധിപ്പിച്ചു.  മുംബൈ ആക്രമണക്കേസില്‍ ഹെഡ്‌ലി നിരത്തിയ തെളിവുകളുടെ വിശ്വാസ്യതയെ സ്‌ഫോടനത്തിലെ ആസൂത്രകനെന്നു സംശയിക്കുന്ന അബു ജിന്‍ഡാലിന്റെ അഭിഭാഷകന്‍ അബ്ദുല്‍ വഹാബ് ഖാന്‍ ചോദ്യംചെയ്തു. മുംബൈ ആക്രമണത്തിനു മുമ്പ് ഹെഡ്‌ലി രണ്ടു കേസുകളില്‍ പ്രതിയായിരുന്നുവെന്നും അമേരിക്കന്‍ സര്‍ക്കാരുമായുണ്ടാക്കിയ കരാറുകള്‍ ഹെഡ്‌ലി ലംഘിച്ചിരുന്നുവെന്നും ആരോപിച്ചു. അമേരിക്കയില്‍ 1988ലും 1998ലും മയക്കുമരുന്നു കള്ളക്കടത്ത് കേസുകളില്‍ ഹെഡ്‌ലി പ്രതിയായിരുന്നുവെന്നും ഖാന്‍ ചൂണ്ടിക്കാട്ടി.തന്റെ സുഹൃത്തും പാക് പൗരനുമായ തഹവ്വുര്‍ റാണയ്ക്ക് ലശ്കറെ ത്വയിബയുമായുള്ള തന്റെ ബന്ധം അറിയാമായിരുന്നുവെന്നും അയാളുടെ എതിര്‍പ്പുകാരണം മുംബൈ ഓഫിസിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്നും ഹെഡ്‌ലി പറഞ്ഞു. എന്നാല്‍, തന്റെ ഭാര്യ ഷാസിയെ കുറച്ചുള്ള ഖാന്റെ ചോദ്യങ്ങള്‍ക്ക് വിശദമായി മറുപടി നല്‍കാന്‍ ഹെഡ്‌ലി വിസമ്മതിച്ചു.ഇതിനിടയില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം ഇടപെട്ട് തെളിവ് നിയമപ്രകാരം ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ആശയവിനിമയം വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നു പറഞ്ഞു. അമേരിക്കയിലെ അജ്ഞാത കേന്ദ്രത്തില്‍ 35 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന ഹെഡ്‌ലി കഴിഞ്ഞ മാസവും വീഡിയോ കോണ്‍ഫറന്‍സിലൂടെ മൊഴിനല്‍കിയിരുന്നു.
Next Story

RELATED STORIES

Share it