പാക് കോടതിക്കു പുറത്ത് സ്‌ഫോടനം; 9 മരണം

ഇസ്‌ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ കോടതി സമുച്ചയത്തിനു പുറത്തുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തിയ അക്രമിയാണ് സ്‌ഫോടനം നടത്തിയത്. കോടതിക്ക് അകത്തേക്ക് പ്രവേശിക്കാനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെയാണ് പൊട്ടിത്തെറി. മരിച്ചവരില്‍ രണ്ടു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടും.
ഖൈബര്‍ പക്തുന്‍ക്വ പ്രവിശ്യയിലെ ശബ്ഖദര്‍ മാര്‍ക്കറ്റ് ഏരിയയിലെ ജില്ലാ കോടതിക്കു നേരെയാണ് ആക്രമണം. 18 പേര്‍ക്കു പരിക്കുണ്ട്. പലരുടെയും നില ഗുരുതരമാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത വിഘടിത തെഹ്‌രീകെ താലിബാന്‍ സംഘം 'പ്രതികാര ആക്രമണ'മെന്നാണ് സംഭവത്തെ വിശേഷിപ്പിച്ചത്.
2011ല്‍ പഞ്ചാബ് പ്രവിശ്യ ഗവര്‍ണറെ കൊലപ്പെടുത്തിയ മുന്‍ പാക് കമാന്‍ഡോയെ വധശിക്ഷയ്ക്കു വിധേയമാക്കിയതിനുള്ള പ്രതികാരമാണ് ആക്രമണമെന്നു സംഘം അവകാശപ്പെട്ടു.
അഫ്ഗാനുമായി അതിര്‍ത്തി പങ്കിടുന്ന ആറു പ്രവിശ്യകളിലൊന്നും ഗോത്ര ജില്ലയുമായ മുഹമ്മദിനു സമീപമാണ് ചര്‍സദ്ദ സ്ഥിതി ചെയ്യുന്നത്. ഇവിടെ അല്‍ഖാഇദ, താലിബാന്‍ എന്നിവര്‍ക്കെതിരേ പാക് സൈന്യം ശക്തമായ കടന്നാക്രമണം നടത്തിവരുകയാണ്.
Next Story

RELATED STORIES

Share it