പാകിസ്താന്‍ സര്‍വകലാശാലയില്‍ ആക്രമണം; 25 മരണം

പെഷാവര്‍: പെഷാവറില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ഖാന്‍ അബ്ദുല്‍ഗഫാര്‍ ഖാന്റെ പേരിലുള്ള സര്‍വകലാശാലയില്‍ നടന്ന ആക്രമണത്തില്‍ പ്രഫസര്‍ ഉള്‍പ്പെടെ 25 പേര്‍ മരിച്ചു. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പക്തൂന്‍ഖ പ്രവിശ്യയില്‍ ഖര്‍സദ്ദായിലെ ബാച്ചാഖാന്‍ വാഴ്‌സിറ്റിയിലാണു സംഭവം.
ക്ലാസ്മുറികളിലും ഹോസ്റ്റലുകളിലും ഉണ്ടായിരുന്ന വിദ്യാര്‍ഥികളും അധ്യാപകരുമാണു കൊല്ലപ്പെട്ടത്. ഗഫാര്‍ ഖാന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ചു കവിതാ സിംപോസിയം നടക്കവെയാണ് ആക്രമണമുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. പത്തോളം പേരടങ്ങുന്ന അക്രമികള്‍ അതിക്രമിച്ചുകയറി തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നു.
നാലുപേരെ സുരക്ഷാ സൈന്യം വധിച്ചതായി സൈനികവക്താവ് ലഫ്. ജനറല്‍ അസിം സാലിം ബജ്വ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്‌രീകെ താലിബാന്‍ ഏറ്റെടുത്തു. പെഷാവര്‍ സ്‌കൂള്‍ ആക്രമണത്തെ തുടര്‍ന്ന് തങ്ങളുടെ പ്രവര്‍ത്തകരെ സൈന്യം വധിച്ചതിനു പ്രതികാരമാണിതെന്നും അവര്‍ പറഞ്ഞു. 3000 പേരാണ് ഇവിടെ പഠിക്കുന്നത്. വിദ്യാര്‍ഥികളെ കൂടാതെ 600 പേര്‍ സിംപോസിയത്തിന് എത്തിയിരുന്നു. രസതന്ത്ര വകുപ്പിലെ ഹമീദ് ഹുസയ്‌നാണ് ആക്രമണത്തില്‍ മരിച്ച പ്രഫസര്‍.
പരിക്കേറ്റവരെ സൈന്യം ആശുപത്രിയിലെത്തിച്ചു. പ്രസിഡന്റ് മംനൂണ്‍ ഹുസയ്ന്‍, പ്രധാനമന്ത്രി നവാസ് ശരീഫ്, ദേശീയ അസംബ്ലിയിലെ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തുടങ്ങിയവര്‍ സംഭവത്തെ അപലപിച്ചു.
Next Story

RELATED STORIES

Share it