പാകിസ്താനെ വേട്ടയാടി ഭൂകമ്പങ്ങള്‍

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പാകിസ്താന്‍ എക്കാലത്തും ഭൂകമ്പത്തിന്റെ ഇരയായിരുന്നു. രാജ്യത്തിന്റെ വടക്കന്‍ മേഖല നിരവധി തവണയാണു ഭൂകമ്പങ്ങളില്‍ വിറങ്ങലിച്ചുനിന്നത്.
ഒന്നരലക്ഷം പേരുടെ ജീവനപഹരിച്ച 1893-94 കാലഘട്ടത്തില്‍ ഷഹ്ബന്തര്‍, സിന്ധ് പ്രവിശ്യകളിലുണ്ടായ ഭൂകമ്പമാണ് പാകിസ്താനിലുണ്ടായ ഏറ്റവും ശക്തിയേറിയതും നാശംവിതച്ചതുമായ ഭൂകമ്പം. തുടര്‍ന്നു ഭൂകമ്പങ്ങളുടെ ഒരു വേലിയേറ്റം തന്നെയാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിലുണ്ടായത്. ഷഹ്ബന്തര്‍, സിന്ധ്, ബലൂചിസ്താന്‍, പെഷാവര്‍ ജലാവന്‍, ഹുന്‍സ, ഹസാര, കശ്മീര്‍ അതിര്‍ത്തി, ക്വറ്റ, ഖൈബര്‍ പക്തുവ, പഞ്ചാബ് എന്നിവിടങ്ങളാണ് പ്രധാന ഭൂകമ്പബാധിത പ്രദേശങ്ങള്‍. 1935ല്‍ ബലൂചിസ്താന്‍ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ 60,000ഓളം പേര്‍ കൊല്ലപ്പെട്ടപ്പോള്‍ 1945ല്‍ മക്രാന്‍ തീരത്തുണ്ടായ ഭൂകമ്പം അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും സുനാമിക്കു കാരണമാവുകയും 4000ഓളം പേരുടെ ജീവനപഹരിക്കുകയും ചെയ്തു. 1974ല്‍ ഹുന്‍സ, ഹസാര, സ്വാത് ജില്ലകളിലുണ്ടായ ഭൂകമ്പത്തില്‍ 5300 പേരാണു മരിച്ചത്.
ഭൂകമ്പത്തെത്തുടര്‍ന്ന് 17,000ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. 2005ല്‍ കശ്മീരില്‍ ഇന്ത്യ-പാക് അതിര്‍ത്തിലുണ്ടായ ഭൂമികുലുക്കമാണ് അടുത്തിടെ പാകിസ്താന്‍ നേരിട്ട ഏറ്റവും ശക്തിയേറിയ ഭൂമികുലുക്കം. 73,000 പേരാണ് അന്നു മരിച്ചത്. 40 ലക്ഷത്തോളം പേര്‍ക്കു വീടു നഷ്ടപ്പെടുകയും ചെയ്തു.
നിരവധി തവണ ഭൂകമ്പത്തിനു വിധേയമായ ബലൂചിസ്താന്‍ പ്രവിശ്യയില്‍ 2013 സപ്തംബറിലുണ്ടായ ഭൂകമ്പത്തില്‍ 800 പേര്‍ മരിച്ചിരുന്നു. ഇതേ വര്‍ഷം തന്നെ ചെറുതും വലുതുമായ അഞ്ചോളം ചലനങ്ങളുമുണ്ടായി.
Next Story

RELATED STORIES

Share it