പാകിസ്താനില്‍ സ്‌ഫോടനം; 22 മരണം

ഇസ്‌ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ സര്‍ക്കാര്‍ ഓഫിസിനു പുറത്തുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 30ലധികം പേര്‍ക്കു പരിക്കേറ്റു. മര്‍ദാന്‍ നഗരത്തിലെ നാഷനല്‍ ഡാറ്റാബേസ് ആന്റ് രജിസ്‌ട്രേഷന്‍ അതോറിറ്റി (നദ്ര) ഓഫിസിനു പുറത്താണ് സ്‌ഫോടനമുണ്ടായത്.
മോട്ടോര്‍ ബൈക്കിലെത്തിയ യുവാവിനെ നദ്രാ കെട്ടിടത്തിനു പുറത്ത് സുരക്ഷാ ജീവനക്കാര്‍ തടഞ്ഞുനിര്‍ത്തിയപ്പോള്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡിനായി നിരവധി പേര്‍ കൂടിനില്‍ക്കുമ്പോഴാണ് സ്‌ഫോടനം. കൊല്ലപ്പെട്ടതും പരിക്കേറ്റതും ഭൂരിപക്ഷവും സാധാരണക്കാരാണ്.
പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്. കവാടത്തില്‍ ഇയാളെ തടഞ്ഞുനിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ മരണസംഖ്യ ഉയരുമായിരുന്നുവെന്നു മര്‍ദാന്‍ പോലിസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ സഈദ് വാസി പറഞ്ഞു. സ്‌ഫോടനത്തിനു 12 കിഗ്രാം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചതായും അദ്ദേഹം പറഞ്ഞു.
പാക് താലിബാനില്‍നിന്നു 2014ല്‍ പിളര്‍ന്ന ജമാഅത്തുല്‍ അസ്ഹര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 16 പേരുടെ മൃതദേഹങ്ങള്‍ ബച്ച് ഗാന്‍ മെഡിക്കല്‍ കോംപ്ലക്‌സിലേക്കു മാറ്റിയിട്ടുണ്ട്. പെഷാവറില്‍ സൈനിക സ്‌കൂള്‍ ആക്രമിച്ച് 150 പേരെ കൊലപ്പെടുത്തിയതിനു ശേഷമുണ്ടാവുന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്.
Next Story

RELATED STORIES

Share it