പാംപോര്‍ ആക്രമണം: അന്വേഷണത്തിന് സമിതി; രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ അയല്‍രാജ്യം ശ്രമിക്കുന്നു: രാജ്‌നാഥ് സിങ്

ഫത്തെഗഡ് സാഹബ്(പഞ്ചാബ്): അയല്‍രാജ്യം ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. സിഖ് യോദ്ധാവ് ബാബാ ബാന്ദ സിങ് ബഹാദൂറിന്റെ 300ാം രക്തസാക്ഷി ദിന ചടങ്ങില്‍ സംസാരിക്കവെയാണ് പാകിസ്താനെ സൂചിപ്പിച്ചു മന്ത്രിയുടെ പ്രസ്താവന.
കശ്മീരില്‍ എട്ടു സൈനികര്‍ കൊല്ലപ്പെടാനിടയാക്കിയ സംഭവത്തില്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നു വീഴ്ചകളുണ്ടായിട്ടുണ്ടോ എന്നന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ അയക്കാന്‍ ആഭ്യന്തര സെക്രട്ടറിയോടാവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സൈനികര്‍ കൊല്ലപ്പെടുന്നത് തടയാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു അക്രമികളെ വെടിവച്ചിട്ട സൈനികരുടെ ധീരതയെ അഭിനന്ദിക്കുന്നു. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന അക്രമികളേയും അയല്‍രാജ്യത്തേയും നേരിടാന്‍ യുവാക്കള്‍ മുന്നോട്ടുവരണം. അക്രമികളെ നേരിടാന്‍ കാണിച്ച സുരക്ഷാ സൈനികരുടെ ധീരതയെ
അഭിനന്ദിക്കുകയും വേണം. രാജ്യം നിരവധി വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അവ അഭിമുഖീകരിക്കുന്നതിന് ബന്ദസിങ് ബഹാദൂറിനെ പോലുള്ള ധീരന്മാരുടെ ജീവിതത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊള്ളണം- മന്ത്രി പറഞ്ഞു. 1984ലെ സിഖ് വിരുദ്ധ കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
കുഴപ്പം സൃഷ്ടിക്കാനുള്ള വിഫല ശ്രമം: കിരണ്‍ റിജിജു
ന്യൂഡല്‍ഹി: ദക്ഷിണ കശ്മീരില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണം രാജ്യത്ത് കുഴപ്പം സൃഷ്ടിക്കാനുള്ള വിഫലശ്രമമെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. സമാധാനവും സുരക്ഷയും ഉറപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും റിജിജു പറഞ്ഞു.
ഈയിടെ സൈന്യത്തിനു നേരെ കശ്മീരില്‍ ഉണ്ടായതില്‍ വെച്ചേറ്റവും ശക്തമായ സായുധാക്രമണത്തില്‍ എട്ട് സിആര്‍പിഎഫ് ജീവനക്കാര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമത്തിന്റെ ഉത്തരവാദിത്തം ലശ്കറെ ത്വയ്യിബ ഏറ്റെടുത്തിരുന്നു. സംഭവം നിര്‍ഭാഗ്യകരമാണ്. സംഭവത്തെ അപലപിക്കുന്നു-മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it