പാംപോര്‍ ആക്രമണം: അക്രമികളെ വധിച്ചതിന്റെ ബഹുമതിക്കായി സിആര്‍പിഎഫും സൈന്യവും

ന്യൂഡല്‍ഹി: പാംപോര്‍ ആക്രമണത്തില്‍ അക്രമികളെ വധിച്ചതിന്റെ ബഹുമതി ഏറ്റെടുക്കാ ന്‍ സിആര്‍പിഎഫും സൈന്യവും തമ്മില്‍ പോര്. കശ്മീരിലെ പല്‍വാമ ജില്ലയിലെ പാംപോറില്‍ ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ രണ്ടു അക്രമികള്‍ ഉള്‍പ്പെടെ 10 പേരാണ് കൊല്ലപ്പെട്ടത്. ഇതിന്റെ അവകാശവാദവുമായാണ് ഇരുവിഭാഗവും എത്തിയിരിക്കുന്നത്.
അക്രമികളെ കൊലപ്പെടുത്തിയത് തങ്ങളാണെന്നും ഇതിന്റെ ബഹുമതി ഏറ്റെടുക്കാന്‍ സൈന്യം അക്രമികളുടെ ദേഹത്തുനിന്ന് ലഭിച്ച തോക്കുകളും വെടിക്കോപ്പുകളും കൊണ്ടുപോയി സെല്‍ഫി എടുത്തെന്നും മണിക്കൂറുകള്‍ കഴിഞ്ഞാണ് തിരിച്ചുകൊണ്ടുവച്ചതെന്നും സിആര്‍പിഎഫ് ആരോപിക്കുന്നു. ആക്രമണം നടന്ന് ഒരു മണിക്കൂറിനകം സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരേയുണ്ടായ ആക്രമണം നടത്തിയ രണ്ടുപേരെ തങ്ങള്‍ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് സൈന്യത്തിന്റെ വടക്കന്‍ കമാന്‍ഡ് ട്വീറ്റ് ചെയ്തതോടെയാണ് പോര് തുടങ്ങുന്നത്.
എന്നാല്‍ സിആര്‍പിഎഫ് ഇതില്‍ പ്രതിഷേധിച്ചു. ഏറ്റുമുട്ടല്‍ അവസാനിക്കാറായപ്പോഴാണ് സൈന്യം സംഭവസ്ഥലത്ത് എത്തിയതെന്നും അപ്പോഴേക്കും അവരെ തങ്ങള്‍ കൈകാര്യം ചെയ്തിരുന്നുവെന്നും സിആര്‍പിഎഫ് അവകാശപ്പെട്ടു. ഇതോടെ സിആപിഎഫുമായി ചേര്‍ന്നുള്ള സംയുക്ത ഓപറേഷനാണ് നടത്തിയതെന്ന മറ്റൊരു ട്വീറ്റുമായി സൈന്യമെത്തി. ഇതിനെയും സിആര്‍പിഎഫ് എതിര്‍ത്തു. അതോടെ എല്ലാം സിആര്‍പിഎഫാണ് ചെയ്തതെന്ന് സമ്മതിച്ച് സൈന്യം ട്വീറ്റ് ചെയ്തു.
വൈകീട്ട് 5.38നാണ് സൈന്യം അവകാശവാദമുന്നയിച്ച് ആദ്യ ട്വീറ്റിട്ടത്. അപ്പോഴേക്കും ആക്രമണം നടന്ന് 50 മിനിറ്റേ ആയിരുന്നുള്ളു. തങ്ങള്‍ ചെയ്ത ജോലിയുടെ ബഹുമതി അടിച്ചെടുക്കാനാണ് സൈന്യം ശ്രമിക്കുന്നതെന്ന് സിആര്‍പിഎഫ് വൃത്തങ്ങള്‍ ആരോപിക്കുന്നു. മൃതദേഹത്തിലുണ്ടായിരുന്ന തോക്കുകള്‍, ഗ്രനേഡുകള്‍ തുടങ്ങിയവ സൈന്യം എടുത്തുകൊണ്ടുപോയി. തങ്ങളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയപ്പോള്‍ ഇതൊന്നും കാണാനില്ലായിരുന്നു. അക്രമികള്‍ ഉപയോഗിച്ച ആയുധങ്ങളും മറ്റുമില്ലാത്ത സാഹചര്യം വിശദീകരിക്കാന്‍ പ്രയാസമുണ്ടാക്കിയെന്നും സിആര്‍പിഎഫ് വൃത്തങ്ങള്‍ പറയുന്നു.
സൈനികരോട് ഇതെല്ലാം വേഗം തിരിച്ചെത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അതവ ര്‍ സമയത്ത് എത്തിക്കാതിരുന്നപ്പോള്‍ അങ്ങോട്ട് ആളെ വിട്ട് എടുപ്പിക്കേണ്ടി വന്നു. അപ്പോഴേക്കും മണിക്കൂറുകള്‍ വൈകിയിരുന്നു. അവിടെ ചെല്ലുമ്പോള്‍ ഈ ആയുധങ്ങള്‍ക്കൊപ്പം നിന്ന് സൈനിക ഉദ്യോഗസ്ഥര്‍ സെല്‍ഫി എടുക്കുന്ന തിരക്കിലായിരുന്നുവെന്നും സിആര്‍പിഎഫ് ആരോപിച്ചു.
Next Story

RELATED STORIES

Share it