Pravasi

പശ്ചിമേഷ്യന്‍ സുരക്ഷയ്ക്ക് സൗദി-ജോര്‍ദാന്‍ ധാരണ

പശ്ചിമേഷ്യന്‍ സുരക്ഷയ്ക്ക് സൗദി-ജോര്‍ദാന്‍ ധാരണ
X
abdulla 2
റിയാദ്: പശ്ചിമേഷ്യയെ സുരക്ഷിതമാക്കുന്നതിനും തീവ്രവാദത്തിനെതിരേ സംയുക്ത പ്രതിരോധം തീര്‍ക്കുന്നതിനും സഹകരിച്ചുനീങ്ങാന്‍ സൗദി അറേബ്യയും ജോര്‍ദാനും കരാറിലെ ത്തി. സൗദി രണ്ടാം കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ജോര്‍ദാന്‍ സന്ദര്‍ശനത്തിലാണ് കരാറിലെത്തിയത്.

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളും പ്രശന്ങ്ങളും വിലയിരുത്തിയ ചര്‍ച്ചയില്‍ നയതന്ത്രബന്ധം ശക്തിപ്പെടുത്താനും സഹോദരരാഷ്ട്രങ്ങള്‍ എന്ന നിലയില്‍ സഹകരണം ശക്തിപ്പെടുത്താനും തീരുമാനമായി. രാഷ്ട്രീയ, സാമ്പത്തിക, സൈനിക, സുരക്ഷാ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം ശക്തിപ്പെടുത്തണമെന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ താല്‍പ്പര്യം രണ്ടാംകിരീടാവകാശി ജോര്‍ദാനെ അറിയിച്ചു.

ഇത് അംഗീകരിച്ച ജോര്‍ദാന്‍ രാജാവ് സഹകരണ കരാറില്‍ ഒപ്പുവയ്ക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. ജനങ്ങളുടെ സുരക്ഷയും ഇസ്‌ലാമിക ആശയങ്ങളുടെ സംരക്ഷണവും മുന്‍നിര്‍ത്തി തീവ്രവാദത്തിനും തീവ്രവാദ സംഘടനകള്‍ക്കുമെതിരേ പോരാടല്‍ അനിവാര്യമാണെന്ന്് ഇരുരാജ്യങ്ങളും വ്യക്തമാക്കി. സൗദിയുടെയും ജോര്‍ദാന്റെയും സുരക്ഷയും സംരക്ഷണവും ഇരുരാഷ്ട്രങ്ങള്‍ക്കും ഒരു പോലെ പ്രധാനമാണ്.

സാധ്യമായ എല്ലാ മേഖലയിലും സംയുക്ത നിക്ഷേപത്തിനുള്ള അവസരങ്ങള്‍ ഒരുക്കുന്നതിലൂടെ ഇരുരാഷ്ട്രങ്ങള്‍ക്കും സാമ്പത്തിക നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്ന സല്‍മാന്‍ രാജാവിന്റെ നിര്‍ദേശം യോഗം ചര്‍ച്ച ചെയ്യുകയും സാമ്പത്തികസഹകരണ ഉടമ്പടിയെന്ന ആശയം അംഗീകരിക്കുകയും ചെയ്തു.

ഫലസ്തീന്‍ ജനതയുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പൂര്‍ണാധികാരമുള്ള സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കുന്നതിലൂടെമാത്രമേ അറബ് മേഖലയില്‍ സമാധാനം കൈവരികയുള്ളൂ. ഇതിനായി അന്താരാഷ്ട്രതലത്തില്‍ നിയമാനുസൃതമായ പരിഹാരം കണ്ടെത്തണമെന്നും ഇരു രാഷ്ട്രങ്ങളും ആവശ്യപ്പെട്ടു. സിറിയന്‍ ജനതയുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കാനുള്ള മാര്‍ഗങ്ങളും ചര്‍ച്ചചെയ്തു. ഇറാഖിന്റെ സുരക്ഷയും ഐക്യവും പ്രധാനമാണെന്നും രാജ്യത്ത് സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ഒറ്റക്കെട്ടായുള്ള രാഷ്ട്രീയ നീക്കം അനിവാര്യമാണെന്നും ഇരുവരും വ്യക്തമാക്കി. അറബ് രാഷ്ട്രങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇറാന്‍ ഇടപെടുന്നത് മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ഗൗരവമായി ബാധിക്കുമെന്നും ഇത്തരം നീക്കങ്ങളില്‍ നിന്നു പിന്‍മാറി നല്ല അയല്‍പക്ക ബന്ധം കാത്തുസൂക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it