പശ്ചിമബംഗാള്‍ സ്വദേശിയായ മാവോവാദി പിടിയില്‍

തൊടുപുഴ: മാവോവാദിയായ പശ്ചിമബംഗാള്‍ സ്വദേശിയെ ഇന്റലിജന്‍സ് ബ്യൂറോയുടെ നിര്‍ദേശപ്രകാരം നെടുങ്കണ്ടം പോലിസ് പിടികൂടി. പശ്ചിമബംഗാള്‍ മിഡ്‌നാപൂര്‍ ജില്ലയിലെ കുഞ്ചാപ്പൂര്‍ ഹേമാന്റാചൗക്കില്‍ താമസിക്കുന്ന സിദ്ധാര്‍ഥ് മോണ്ഡല്‍ (30)ആണ് പിടിയിലായത്.
ഇയാള്‍ ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളില്‍ ജോലി ചെയ്യുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി പശ്ചിമബംഗാള്‍ പോലിസ് അന്വേഷണം നടത്തി വരികയായിരുന്നു. നെടുങ്കണ്ടത്തിനടുത്ത് മൈലാടുംപാറയിലെ ഒരു ഏലത്തോട്ടത്തില്‍ മൂന്ന് മാസമായി ഇയാള്‍ ജോലി ചെയ്യുകയായിരുന്നു. ടെററിസ്റ്റ് ആക്ട് പ്രകാരം മോണ്ഡലിനെതിരേ മൂന്നു കേസ് നിലവിലുണ്ട്. ഇയാള്‍ക്കെതിരേയുള്ള കേസ് ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. തുടര്‍ന്ന് കേസിലുള്‍പ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചപ്പോള്‍ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. 2014 മാര്‍ച്ചില്‍ സുഹൃത്ത്
ചന്ദ്രന്‍ പ്രമാണിയോടൊപ്പം ഉഡുപ്പിയിലെത്തി. പീന്നീട് ചന്ദ്രന്‍ പ്രമാണിയുടെ സുഹൃത്തൃമായി ബന്ധപ്പെട്ട് ഇടുക്കിയിലെ രാജകുമാരിയിലും സേനാപതി, മാവടി എന്നിവിടങ്ങളിലെത്തി ഏലത്തോട്ടങ്ങളില്‍ ജോലി ചെയ്തു വരികയായിരുന്നു. മൈലാടുംപാറയിലെ എസ്‌റ്റേറ്റില്‍ ജോലി ചെയ്യുന്നതിനിടെ ഇയാള്‍ പല തവണ ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി വിവരം ലഭിച്ചു. കഴിഞ്ഞ ഒരു മാസമായി ഇയാള്‍ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ബന്ധപ്പെട്ടിരുന്ന ഫോണ്‍ നമ്പരുകള്‍ പോലിസ് പിന്‍തുടര്‍ന്നാണ് മൈലാടുംപാറയിലെ എസ്‌റ്റേറ്റില്‍ നിന്ന് ഇയാളെ പിടികൂടിയത്.
മാവോവാദികള്‍ക്കു വേണ്ടി സിപിഎം ഓഫിസ് ആക്രമിച്ച കേസില്‍ ഇയാള്‍ അഞ്ച് വര്‍ഷം ശിക്ഷ അനുഭവിച്ചിരുന്നു. കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് ഭാര്യ ഉപേക്ഷിച്ചു പോയതായി ഇയാള്‍ പറഞ്ഞു. ആലിപ്പൂര്‍ അഡീഷനല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നുള്ള വാറണ്ടിനെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളുടെ സംഘത്തില്‍പ്പെട്ട മറ്റൊരാളെ കഴിഞ്ഞ മാസം അങ്കമാലിയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it