പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്; ഒറ്റയ്ക്കു മല്‍സരിക്കാനുള്ള ശേഷി സിപിഎമ്മിനില്ല: സോമനാഥ് ചാറ്റര്‍ജി

കൊല്‍ക്കത്ത: സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്ന പശ്ചിമബംഗാളില്‍ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ശേഷി പാര്‍ട്ടിക്ക് ഇന്നില്ലെന്ന് സിപിഎം മുന്‍ നേതാവ് സോമനാഥ് ചാറ്റര്‍ജി. ഒറ്റയ്ക്കു മല്‍സരിക്കാനുള്ള ശേഷി പാര്‍ട്ടിക്ക് ഇപ്പോള്‍ ബംഗാളില്‍ ഇല്ല. ഒറ്റയ്ക്കു മല്‍സരിച്ചാല്‍ സിപിഎം രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ മാത്രമെ എത്തുകയുള്ളൂ. മമതാ ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സിനെതിരേ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികളുമായി സഖ്യമുണ്ടാക്കണം. ബംഗാളില്‍ സിപിഎം തകരുന്നതു കാണാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗാളില്‍ പാര്‍ട്ടി തകര്‍ന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും സിപിഎമ്മിന്റെ പഴയ നേതൃത്വത്തിനാണ്. പശ്ചിമ ബംഗാളില്‍ പാര്‍ട്ടിക്കു തിരിച്ചടിയുണ്ടാവുമെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നു. സീതാറാം യെച്ചൂരിയുടെ കീഴിലുള്ള പുതിയ നേതൃത്വത്തില്‍ വിശ്വാസമുണ്ട്. പുതിയ ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരിയില്‍ ഏറെ പ്രതീക്ഷയുണ്ട്. യെച്ചൂരിക്ക് പോളിറ്റ്ബ്യൂറോയില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ടൊ എന്നു സംശയമാണ്. കൊല്‍ക്കത്തയില്‍ നടക്കുന്ന ഈ പ്ലീനം പാര്‍ട്ടിയ ശക്തിപ്പെടുത്തും.
അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, ബിജെപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ പരസ്പരം മല്‍സരിക്കുന്ന ബംഗാളില്‍ കോണ്‍ഗ്രസ്സിനെ ഒപ്പം കൂട്ടിയാല്‍ ഭരണത്തിലെത്താമെന്നു തന്നെയാണ് സിപിഎം നേതാക്കളുടെയും നിലപാട്. ഞായറാഴ്ച ആരംഭിച്ച പ്ലീനത്തോട് അനുബന്ധിച്ചു നടന്ന റാലിയില്‍ പ്രസംഗിച്ച നേതാക്കളെല്ലാം കോണ്‍ഗ്രസ്സുമായി സഹകരിക്കണമെന്ന അഭിപ്രായമാണു പ്രകടിപ്പിച്ചത്. 2004-09 കാലയളവിലെ 14ാം ലോക്‌സഭയില്‍ സ്പീക്കറായിരുന്ന മുതിര്‍ന്ന സിപിഎം നേതാവായിരുന്ന സോമനാഥ് ചാറ്റര്‍ജിയെ 2008 ജൂലൈയിലാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കിയത്. മന്‍മോഹന്‍ സിങ് മന്ത്രിസഭയെ വിശ്വാസവോട്ടിലൂടെ പുറത്താക്കുന്നതിന്റെ ഭാഗമായി സ്പീക്കര്‍ സ്ഥാനത്തുനിന്നു രാജിവയ്ക്കണമെന്ന പാര്‍ട്ടി നിര്‍ദേശം അവഗണിച്ചതിനെ തുടര്‍ന്നാണ് ചാറ്റര്‍ജിയെ പോളിറ്റ്ബ്യൂറോ തീരുമാനപ്രകാരം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്. നാലു വര്‍ഷം സ്പീക്കറായി തുടര്‍ന്ന ശേഷം ബിജെപിക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ്സിനെതിരേ വോട്ട് ചെയ്യാനാവില്ലെന്നായിരുന്നു ഇദ്ദേഹത്തിന്റെ നിലപാട്.
Next Story

RELATED STORIES

Share it