പശ്ചിമബംഗാള്‍; അന്തിമഘട്ട വോട്ടെടുപ്പ് ഇന്ന്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്തിമഘട്ട വോട്ടെടുപ്പ് ഇന്നു നടക്കും. പൂര്‍വ മിഡ്‌നാപൂര്‍, കുച്ച്ബിഹാര്‍ ജില്ലകളിലെ 25 നിയോജകമണ്ഡലങ്ങളിലാണു വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് നീതിപൂര്‍വകമാക്കാന്‍ ഈ ജില്ലകളില്‍ ആയിരക്കണക്കിനു സുരക്ഷാസൈനികരെ വിന്യസിച്ചിട്ടുണ്ട്.
6,774 പോളിങ് സ്‌റ്റേഷനുകളിലായി 58 ലക്ഷത്തിലേറെ പേര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണു വോട്ടെടുപ്പ്.
അന്തിമഘട്ടത്തില്‍ 18 സ്ത്രീകളടക്കം 170 സ്ഥാനാര്‍ഥികളാണു മല്‍സരരംഗത്തുള്ളത്. ക്രമസമാധാനപാലനത്തിന് 361 കമ്പനി കേന്ദ്രസേനയെയും അവരെ സഹായിക്കാന്‍ 12,000 സംസ്ഥാന പോലിസുകാരെയും വിന്യസിച്ചിട്ടുണ്ട്.
മൊത്തം വോട്ടര്‍മാരില്‍ 27.8 ലക്ഷം പേര്‍ സ്ത്രീകളാണ്. 68 മൂന്നാംലിഗക്കാരും വോട്ടര്‍മാരാണ്. അതിര്‍ത്തി ഗ്രാമങ്ങളിലെ 9,776 പേര്‍ ഇതാദ്യമായി വോട്ട് രേഖപ്പെടുത്തുന്നുണ്ട്. പൂര്‍വ മിഡ്‌നാപൂരില്‍ ഭിന്നശേഷിക്കാരായ 15,500 വോട്ടര്‍മാര്‍ക്കു പ്രത്യേക സൗകര്യമൊരുക്കി.
ജില്ലയിലെ എല്ലാ പോളിങ് സ്‌റ്റേഷനുകളിലും ഓരോ ചക്രക്കസേര തയ്യാറാക്കിയിട്ടുണ്ട്. രണ്ടു ജില്ലകളിലും കുഴപ്പക്കാരെന്നു കരുതുന്ന 900 പേര്‍ക്കെതിരേ നടപടി സ്വീകരിച്ചു. എല്ലാ കണ്ണുകളും പൂര്‍വ മിഡ്‌നാപൂരില്‍ നന്ദിഗ്രാം നിയോജകമണ്ഡലത്തിലാണ്.
34 വര്‍ഷം നീണ്ട ഇടതുമുന്നണി ഭരണത്തെ തൂത്തെറിഞ്ഞ ഭൂമി ഏറ്റെടുക്കല്‍ വിരുദ്ധ പ്രക്ഷോഭം നടന്നത് നന്ദിഗ്രാമിലാണ്. 2011ലെ തിരഞ്ഞെടുപ്പില്‍ പൂര്‍വ മിഡ്‌നാപൂരിലെ മുഴുവന്‍ സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ്സുകാരാണു ജയിച്ചത്.
നന്ദിഗ്രാമില്‍ താലൂക് എം പി സുവേന്ദു അധികാരിയാണ് തൃണമൂല്‍ സ്ഥാനാര്‍ഥി. കോണ്‍ഗ്രസ്-ഇടതു സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി സിപിഐയിലെ അബ്ദുല്‍ കബീര്‍ ശെയ്ഖ് മല്‍സരിക്കുന്നു.
ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷന് 2,200 ഓളം പരാതി ലഭിച്ചു. ഇതില്‍ 2000ത്തോളം പരാതികള്‍ തീര്‍പ്പാക്കി. നിയമവിരുദ്ധമായി ആളുകള്‍ കൂട്ടംകൂടുന്നത് തടയാന്‍ ഇന്ന് നിരോധനാജ്ഞ പുറപ്പെടുവിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it