പശ്ചിമബംഗാളില്‍ 244 സ്ഥാനാര്‍ഥികള്‍ കോടീശ്വരന്‍മാര്‍

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന 1961 സ്ഥാനാര്‍ഥികളില്‍ 244 പേര്‍ കോടീശ്വരന്‍മാര്‍. ഇതില്‍ 114 പേര്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍നിന്നുള്ളവരാണ്. വെസ്റ്റ് ബംഗാള്‍ ഇലക്ഷന്‍ വാച്ച് ആന്റ് അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോംസ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോടീശ്വരന്‍മാരുടെ കാര്യത്തില്‍ ബിജെപിയാണ് രണ്ടാംസ്ഥാനത്ത്. പാര്‍ട്ടിയിലെ 46 സ്ഥാനാര്‍ഥികളാണ് കോടീശ്വരന്‍മാര്‍. കോണ്‍ഗ്രസ് 31, സ്വതന്ത്രര്‍ 19, സിപിഎം 13, ബിഎസ്പി 4, ആര്‍എസ്പി 2, എഐഎഫ്ബി-2, ആര്‍ജെഡി അടക്കമുള്ള മറ്റു പാര്‍ട്ടികള്‍ ഒന്ന് വീതം എന്നിങ്ങനെയാണു കോടീശ്വരന്‍മാരായ സ്ഥാനാര്‍ഥികളുടെ കണക്ക്. 245 സിറ്റിങ് എംഎല്‍എമാരാണ് ഇത്തവണ മല്‍സരിക്കുന്നത്. ഇതില്‍ 81 പേരും കോടീശ്വരന്‍മാരാണ്. ഇവരുടെ വരുമാനം അഞ്ചുവര്‍ഷംകൊണ്ട് 112 ശതമാനമാണു വര്‍ധിച്ചത്. 2011ല്‍ 245 എംഎല്‍എമാരുടെ ശരാശരി വരുമാനം 60.11 ലക്ഷമായിരുന്നു. ഇത്തവണ അത് 1.27 കോടിയാണു വര്‍ധിച്ചത്.
വരുമാനവര്‍ധനയില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നതു സംസ്ഥാന ദുരിതനിവാരണ വകുപ്പ് മന്ത്രി ജാവേദ് ഖാനാണ്. അഞ്ചുവര്‍ഷം മുമ്പത്തേക്കാള്‍ 598 ശതമാനമാണ് അദ്ദേഹത്തിന്റെ സമ്പത്ത് വര്‍ധിച്ചത്. മറ്റു രണ്ടു സംസ്ഥാനമന്ത്രിമാരുടെയും സമ്പത്തും വര്‍ധിച്ചിട്ടുണ്ടെന്നും സര്‍വേ വെളിപ്പെടുത്തുന്നു. ക്രിമിനല്‍ക്കേസിന്റെ കാര്യത്തിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണു മുമ്പിലുള്ളത്. ആകെ 354 സ്ഥാനാര്‍ഥികളാണ് ക്രിമിനല്‍ കേസില്‍ പ്രതികളായവര്‍. തൃണമൂല്‍ കോണ്‍ഗ്രസ് 86, ബിജെപി 66, സിപിഎം 58, കോണ്‍ഗ്രസ് 41 എന്നിങ്ങനെയാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികളുടെ കണക്ക്.
Next Story

RELATED STORIES

Share it