പശ്ചിമബംഗാളില്‍ മുസ്‌ലിംകള്‍ ഏറ്റവും ദരിദ്രരെന്ന് പഠനം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഏറ്റവും കൂടുതല്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ മുസ്‌ലിംകളാണെന്ന് റിപോര്‍ട്ട്. പ്രഫ. അമര്‍ത്യാസെന്‍ ട്രസ്റ്റിന്റെ സഹായത്തോടെ ഗൈഡന്‍സ് ഗില്‍, എസ്എന്‍എപി സംഘടനകള്‍ ചേ ര്‍ന്ന് നടത്തിയ സര്‍വ്വെയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. '
പശ്ചി മബംഗാളിലെ മുസ്‌ലിംകളുടെ ജീവിത യാഥാര്‍ഥ്യംഎന്ന തലക്കെട്ടോടെയാണ് പ്രഫ. അമര്‍ത്യാസെന്‍ റിപോര്‍ട്ട് പുറത്തുവിട്ടത്. പശ്ചിമബംഗാളിലെ ജനസംഖ്യയുടെ 27.01 ശതമാനമാണ് മുസ്‌ലിംകള്‍. സംസ്ഥാനത്തിന്റെ 341 ബ്ലോക്കുകളില്‍ മുസ്‌ലിം ഭൂരിപക്ഷമുള്ള 65 ബ്ലോക്കുകളിലും സ്ഥിതി പരമദയനീയമാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിനില തുടങ്ങിയ ഘടകങ്ങളാണ് പഠനവിധേയമാക്കിയത്. മുസ്‌ലിംകളുടെ ജീവിത നിലവാരത്തിലെ ശോചനീയാവസ്ഥ ഗൗരവപരമായി എടുക്കേണ്ടതാണെന്നും അടിയന്തിരമായി പരിഹാരം കാണേണ്ടതാണെന്നും റിപോര്‍ട്ട് പുറത്തിറക്കി പ്രഫ. സെന്‍ ആവശ്യപ്പെട്ടു.
81 കമ്മ്യൂണിറ്റി ബ്ലോക്കുകളിലും 30 മുനിസിപ്പല്‍ കോര്‍പറേഷനുകളിലുംപെട്ട 325 ഗ്രാമങ്ങളിലും 75 നഗര വാര്‍ഡുകളിലുമായിരുന്നു സര്‍വ്വെ.സംസ്ഥാന ശരാശരിയേക്കാള്‍ ഏഴു ശതമാനം കുറവാണ് മുസ്‌ലിംകളുടെ സാക്ഷരതയെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ തന്നെ അഞ്ചു ശതമാനം കുട്ടികള്‍ കൊഴിഞ്ഞുപോകുന്നുണ്ട്.
വിദ്യാഭ്യാസം ഭാവിയിലെന്തെങ്കിലും ഗുണം ചെയ്യുമെന്ന് ബോധ്യപ്പെടാത്തതുകൊണ്ടാണ് കൊഴിഞ്ഞുപോക്ക് വര്‍ധിക്കുന്നതെന്ന് റിപോര്‍ട്ടില്‍ അഭിപ്രായപ്പെടുന്നു. വിദ്യാഭ്യാസ പ്രോല്‍സാഹനത്തിനുള്ള യാതൊരു സംവിധാനവും അവിടെയില്ല. ആരോഗ്യ മേഖലയിലും മുസ്‌ലിംകളുടെ സ്ഥിതി ഒട്ടും മെച്ചമല്ല. മുസ്‌ലിംകളുടെ ജനസംഖ്യ കൂടുന്നതിനനുസരിച്ച് ആശുപത്രി സൗകര്യം ക്ഷയിക്കുകയാണെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.
മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ ആശുപത്രിയില്‍ കിടത്തി ചികില്‍സയ്ക്കുള്ള സൗകര്യം കുറവാണെന്ന് റിപോര്‍ട്ട് സൂചിപ്പിക്കുന്നു. റിപോര്‍ട്ടിലെ 68 പേജുകളില്‍ മിക്കവയിലും ഇത്തരം വിവേചനങ്ങള്‍ നിരത്തിയിട്ടുണ്ട്. എന്നാല്‍ ഭരണാധികാരികളേയോ രാഷ്ട്രീയ കക്ഷികളെയോ റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടില്ല. അതേസമയം, പശ്ചിമബംഗാളിലെ ഗ്രാമീണ മുസ്‌ലിംകളുടെ ജീവിതനിലവാരം വളരെ താഴ്ന്നതാണെന്നതിന്റെ വ്യക്തമായ കണക്കുകളും സര്‍വേയിലുണ്ട്.
ഗ്രാമീണ മുസ്‌ലിംകളിലെ 80 ശതമാനം കുടുംബങ്ങളുടെയും മാസവരുമാനം 5,000 രൂപ മാത്രമാണ്.40 ശതമാനം മുസ്‌ലിം കുടുംബങ്ങളും ഒരു മാസം 2,500 രൂപ കൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്.
Next Story

RELATED STORIES

Share it