kannur local

പഴശ്ശി സാഗര്‍ പദ്ധതിക്ക് അനുമതി; വൈദ്യുതോല്‍പാദനത്തിന് ജീവനേകും

ഇരിക്കൂര്‍: ജില്ലയുടെ വൈദ്യുതിക്ഷാമത്തിനു പരിഹാരമാവുമെന്ന് കരുതുന്ന പഴശ്ശി സാഗര്‍ മിനി വൈദ്യുതി പദ്ധതിക്ക് അനുമതിയായി. വൈദ്യുതി വകുപ്പിന്റെ അനുമതി ലഭിച്ചതോടെ യാഥാര്‍ഥ്യത്തിലേക്ക് കൂടുതല്‍ അടുത്തു. 79.85 കോടിയുടെ എസ്റ്റിമേറ്റിനാണ് അംഗീകാരം ലഭിച്ചത്. ഇതിനുള്ള സാങ്കേതികാനുമതി വിവിധ വകുപ്പുകളില്‍നിന്ന് ആറുമാസത്തി നകം ശരിയാക്കി പ്രവൃത്തി തുടങ്ങാന്‍ വൈദ്യുതി വകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. വെളിയമ്പ്രയിലെ പഴശ്ശി റിസര്‍വോയറിനു പടിഞ്ഞാറ് ഭാഗത്ത് കുയിലൂര്‍ പ്രദേശത്തെ വിശാലമായ മൂന്ന് ഹെക്റ്റര്‍ സ്ഥലത്താണ് മിനി ജലവൈദ്യുത പദ്ധതി സ്ഥാപിക്കുന്നത്. ദശാബ്ദങ്ങള്‍ക്കു മുമ്പ് ശ്രമം തുടങ്ങിയ പദ്ധതിക്കു വേണ്ടി 2014ലാണ് സര്‍വേ പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിച്ചത്.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, ഇരിക്കൂര്‍, മട്ടന്നൂര്‍, പേരാവൂര്‍, തളിപ്പറമ്പ്, ധര്‍മടം, കൂത്തുപറമ്പ്, കണ്ണൂര്‍ നിയോജക മണ്ഡലങ്ങളിലെ വൈദ്യുതിപ്രശ്‌നത്തിനു ഇതുവഴി പരിഹാരമാവുമെന്നാണു പ്രതീക്ഷ. പഴശ്ശി അണക്കെട്ടില്‍ നിന്ന് പാഴായിപ്പോവുന്ന വെള്ളം ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുക. പ്രതിവര്‍ഷം 25 മില്യന്‍ യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാവുന്നതും വര്‍ഷത്തില്‍ ആറുമാസം പ്രവര്‍ത്തനക്ഷമവുമായ പദ്ധതിക്കാണു രൂപരേഖ തയ്യാറാക്കിയത്. ശരാശരി അഞ്ചുവര്‍ഷത്തെ വൈദ്യുതോല്‍പ്പാദനം കണക്കാക്കിയാണ് പദ്ധതി തയ്യാറാക്കുന്നത്. മൂന്ന് ടണലുകള്‍ നിര്‍മിച്ച് പദ്ധതിക്കാവശ്യമായ വെള്ളം അണക്കെട്ടില്‍നിന്ന് ശേഖരിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.
ഷട്ടറുകള്‍ അടച്ചിടുന്ന വേനല്‍ക്കാലങ്ങളില്‍ വൈദ്യുതോ ല്‍പ്പാദനം പൂര്‍ണമായും ഒഴിവാക്കിയായിരിക്കും പ്രവര്‍ത്തിക്കുക. ഒരു സെക്കന്റില്‍ 86 ക്യൂബിക് മീറ്റര്‍ പ്രവാഹത്തില്‍ വെള്ളം ഒഴുക്കിയാണ് പ്രതിവര്‍ഷം 25 മില്യന്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുക. 17.5 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനം ലക്ഷ്യമിടുന്ന പഴശ്ശി സാഗര്‍ പദ്ധതി, ഉടന്‍ കമ്മീഷന്‍ ചെയ്യാനുദ്ദേശിക്കുന്ന 1.5 മെഗാവാട്ട് ശേഷിയുള്ള ആറളം ബാരപോള്‍ പദ്ധതിയേക്കാള്‍ കാര്യക്ഷമമായിരിക്കുമെന്നാണു വിലയിരുത്തല്‍. പാരമ്പര്യ ഊര്‍ജമന്ത്രാലയത്തില്‍ നിന്നു ലഭിക്കുന്ന 20 കോടി ഉള്‍പ്പെടെ വിവിധ വകുപ്പുകളില്‍നിന്നു പദ്ധതിക്കാവശ്യമായ തുക കണ്ടെത്തും.
Next Story

RELATED STORIES

Share it