kannur local

പഴശ്ശി പുഴയില്‍ മാലിന്യക്കൂമ്പാരം; അധികൃതര്‍ക്ക് നിസ്സംഗത

ഇരിട്ടി: ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ പഴശ്ശി പുഴയില്‍ മാലിന്യം നിക്ഷേപം തുടരുമ്പോഴും അധികൃതര്‍ക്ക് കുലുക്കമില്ല. കഴിഞ്ഞ ദിവസമാണ് സണ്ണിജോസഫ് എംഎല്‍എയുടെയും തഹസീല്‍ദാര്‍ കെ ആര്‍ രവീന്ദ്രന്റെയും മറ്റുജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ പഴശ്ശി പദ്ധതിയിലെ ജലമലിനീകരണം തടയാനും മലിനമാക്കുന്നവരെ പിന്തിരിപ്പിക്കാനും തീരുമാനമെടുത്തത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇരിട്ടി ടൗണിലെ ഒരുകടയില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം പഴശ്ശി പദ്ധതിയില്‍ നിക്ഷേപിക്കാനെത്തിയിരുന്നു. പ്രദേശത്തെ വ്യാപാരികളുടെ ഇടപെടലിനെ തുടര്‍ന്ന് പുഴയിലിടാതെ പദ്ധതി പ്രദേശത്ത് നിക്ഷേപിച്ച് സ്ഥലം വിടുകയായിരുന്നു.
ആരോഗ്യവകുപ്പും മുനിസിപ്പല്‍ അധികൃതരുമാണ് പ്രധാനമായി നടപടിയെടുക്കേണ്ടത്. പായം, പടിയൂര്‍ പഞ്ചായത്ത് ഭരണ സമതികള്‍ക്കും മാലിന്യനിക്ഷേപത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാവില്ല. പഴശ്ശി പദ്ധതിയുടെ ഷട്ടറുകള്‍ അറ്റകുറ്റ പണി നടത്തി അടച്ചതോടെ വെള്ളമുയര്‍ന്നിരുന്നു. ഇതോടെ തീരപ്രദേശങ്ങളില്‍ കുന്നുകൂട്ടിയ മാലിന്യങ്ങള്‍ പുഴയിലൂടെ പഴശ്ശിപദ്ധതി പ്രദേശമാകെ നിറഞ്ഞിരിക്കുകയാണ്. തലശേരി, മാഹി ഉള്‍പ്പെടെ പ്രധാന ടൗണുകളില്‍ ഇവിടെ നിന്നുള്ള വെള്ളമാണ് കുടിക്കാന്‍ ഉപയോഗിക്കുന്നത്. അറവ് മാലിന്യങ്ങളും വാഹനങ്ങള്‍ കഴുകുന്ന മാലിന്യങ്ങളും നേരിട്ട് പുഴയിലേക്കാണൊഴുക്കുന്നത്.—
Next Story

RELATED STORIES

Share it