malappuram local

പഴയകാല ഓര്‍മപ്പെടുത്തലുമായി നന്മയുടെ കുടിനീര്‍ നിറച്ച ചാടികള്‍

കോട്ടക്കല്‍: ദാഹജലത്തിന്റെ വീണ്ടെടുപ്പിനിടയില്‍ പഴമക്കാരുടെ നന്മകള്‍ ഓര്‍ത്തെടുത്ത് ഒരു ജലദിനം കൂടി. പുതിയകാല മനുഷ്യരെ മണ്ണിലേക്കും പ്രകൃതിയിലേക്കും ജലദൗര്‍ലഭ്യതയുടെ തുടര്‍പ്രശ്‌നങ്ങളിലേക്കും ചിന്തിപ്പിക്കുകയാണ് ഓരോ ജലദിനങ്ങളും.
മണ്ണിനും സഹജീവികള്‍ക്കും നന്മയുടെ ഹൃദയവായ്പുകള്‍ പങ്കുവച്ച പഴയകാല മനുഷ്യരെ സ്മരിക്കാന്‍ ഇടം നല്‍കുകയാണു നന്മയുടെ കുടിനീര്‍ നിറച്ച ചാടികള്‍. കാര്‍ഷികവ്യത്തിയില്‍ മനസ്സുനിറഞ്ഞു ജീവിച്ചിരുന്ന പഴയകാല സമൂഹത്തിന്റെ നന്മകളിലൊന്നായിരുന്നു ചാടികള്‍. കവലകള്‍ കേന്ദ്രീകരിച്ച് സഹജീവികള്‍ക്ക് ദാഹമകറ്റാന്‍ ആറടി നീളത്തിലും മൂന്നടി വീതിയിലും കരിങ്കല്ലു കൊണ്ട് ചാടികള്‍ നിര്‍മിച്ചിരുന്നു. അഞ്ചടിനീളത്തിലും രണ്ടടി വീതിയിലുമായി കുശവന്‍മാര്‍ മണ്ണില്‍ നിര്‍മിക്കുന്ന ചാടികളും അക്കാലത്തുണ്ടായിരുന്നു. ഇത്തരം ചാടികളില്‍ പ്രദേശവാസികള്‍ നിറച്ചുവയ്ക്കുന്ന വെള്ളം തേടി നിരവധി പക്ഷിമൃഗാദികളാണ് വന്നിരുന്നത്. നേരത്തെ ജില്ലയിലും മറ്റും സുലഭമായി കണ്ടിരുന്ന ചെനകള്‍ മണ്ണിട്ടു തൂര്‍ത്തതു ഇപ്പോള്‍ പക്ഷിമൃഗാദികള്‍ക്ക് ജീവനു തന്നെ ഭീഷണിയായിട്ടുണ്ട്. സംസ്ഥാനത്ത് താപനം വര്‍ധിച്ചതോടെ പഴമക്കാരുടെ നന്മരീതികള്‍ അനുകരിച്ച് തദ്ദേശസ്ഥാപനങ്ങളും വിദ്യാര്‍ഥികളും വിവിധ സംഘടനകളും പക്ഷിമൃഗാദികള്‍ക്കും മറ്റും കുടിനീര്‍ ലഭ്യമാക്കുന്ന പദ്ധതിയുമായി നിലവില്‍ രംഗത്തുവന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it