പഴമ്പാട്ടിന്റെ സ്വരമാധുരിയില്‍ ഔക്കര്‍ക്ക ഇവിടെയുണ്ട്

പഴമ്പാട്ടിന്റെ സ്വരമാധുരിയില്‍ ഔക്കര്‍ക്ക ഇവിടെയുണ്ട്
X
abubacjker

ആബിദ്

കോഴിക്കോട്: മലബാറിലെ മാപ്പിളമാരുടെ രാക്കല്യാണങ്ങളില്‍നിന്ന് ചാനലുകളിലെ മല്‍സരവേദിയിലെത്തിനില്‍ക്കുന്ന മാപ്പിളപ്പാട്ടിന്റെ തനിമ ചോരാതിരിക്കാന്‍ കാവലിരിക്കുകയാണ് ഇവിടെയൊരാള്‍. പഴയ മാപ്പിളപ്പാട്ട് നിയമങ്ങള്‍ക്കനുസരിച്ച് വരികള്‍ ചിട്ടപ്പെടുത്തിയും വരികളുടെ അര്‍ഥം മനസ്സിലാക്കിക്കൊടുത്തും ശിഷ്യരിലേക്ക് മാപ്പിളപ്പാട്ട് പകര്‍ന്നുകൊടുക്കുന്നതില്‍ ബദ്ധശ്രദ്ധനാണ് വെള്ളയില്‍ അബൂബക്കര്‍.
കോഴിക്കോട്ടെ രാക്കല്യാണങ്ങളാണ് അദ്ദേഹത്തിന്റെ മനസ്സില്‍ മാപ്പിളപ്പാട്ടിനോടുള്ള പ്രണയമുണര്‍ത്തിയത്. പെട്രോമാക്‌സിന്റെ വെളിച്ചത്തില്‍ ചങ്ങാതിമാര്‍ക്കൊപ്പമെത്തുന്ന പുതുമണവാളനെയും പ്രണയാതുരതയോടെ മാരനെ കാത്തിരിക്കുന്ന മണവാട്ടിയുടെ മൊഞ്ചും നാണവുമെല്ലാം വര്‍ണിച്ച് മല്‍സരിച്ചുപാടിയ നാട്ടിന്‍പുറത്തെ ഗായകര്‍ അബൂബക്കറില്‍ ഒരു പുതിയ ഗായകനെയും സംഗീതസംവിധായകനെയും വളര്‍ത്തിയെടുക്കുകയായിരുന്നു. മാപ്പിളകലാ ആസ്വാദകര്‍ എന്നും ഓര്‍ക്കുന്ന 'മസ്ജിദുന്നബവി തന്‍ മിനാരത്തില്‍ ബിലാലിന്റെ' എന്നു തുടങ്ങുന്ന ബക്കര്‍ പന്നൂരിന്റെ വരികള്‍ക്കു സംഗീതം പകരാനായതിന്റെ സന്തോഷം ഔക്കര്‍ക്കയുടെ മുഖത്ത് ഇപ്പോഴുമുണ്ട്.
പഴമക്കാര്‍ മൂളുന്ന, വിസാതട്ടിപ്പിന്റെ കഥ പറയുന്ന, 'ആകപ്പാടെ അഞ്ചോ പത്തോ സെന്റാണെന്റെ പുരയിടം' എന്നു തുടങ്ങുന്ന ബക്കര്‍ പന്നൂരിന്റെ വരികള്‍ക്ക് ഈണം പിറന്നതും ഈ പ്രതിഭാശാലിയില്‍നിന്നാണ്. മയിലാഞ്ചി എന്ന ചിത്രത്തിലൂടെ സിനിമയിലും ഒരു കൈ നോക്കാന്‍ ഇദ്ദേഹത്തിന് ഭാഗ്യം സിദ്ധിച്ചു. 'മലര്‍വാക പൂമരപ്പെണ്ണിന്റെ കൈകളില്‍ പുലര്‍കാലമണിയിച്ച മയിലാഞ്ചി' എന്ന ഒപ്പനപ്പാട്ട് ചിട്ടപ്പെടുത്തിയതും അബൂബക്കറായിരുന്നു. ചെമ്മങ്ങാട് റഹ്മാന്റെ പുള്ളിക്കുപ്പായം എന്ന നാടകത്തിനുവേണ്ടിയും ഈണം പകര്‍ന്നിട്ടുണ്ട്. കേട്ടുശീലിച്ച ഇശലുകളില്‍ തുടങ്ങിയ പ്രണയം മാപ്പിളപ്പാട്ടിനോടുള്ള ഒടുങ്ങാത്ത അഭിനിവേശമായി മാറുകയായിരുന്നു.
സംഗീതജ്ഞനായിരുന്ന ബിച്ചാമു ഉസ്താദ്, മൂത്താപ്പയുടെ മക്കളെ പാട്ടുപഠിപ്പിക്കാനെത്തുമ്പോള്‍ ഹാര്‍മോണിയം വായനയും പാട്ടും ആരുമറിയാതെ ഹൃദിസ്ഥമാക്കിയാണ് സംഗീതസപര്യക്ക് തുടക്കം കുറിച്ചത്. പിന്നീട് സുഹൃത്ത് കുഞ്ഞായിറ്റിയുടെയും ഹാര്‍മോണിയം വായനക്കാരനായിരുന്ന ഉസ്മാന്റെയും താല്‍പര്യപ്രകാരം ഒരു ഹാര്‍മോണിയം സ്വന്തമാക്കി. മൂന്നാംഗേറ്റിനടുത്ത് ഹാര്‍മോണിയം നിര്‍മിക്കുന്ന സത്യന്‍ മാഷില്‍നിന്നായിരുന്നു വാങ്ങിയത്. ഷായിബാജ വായിച്ചിരുന്ന ഉമ്മര്‍ക്കയായിരുന്നു ഗുരു. ഉമ്മര്‍ക്ക പരിചയപ്പെടുത്തിക്കൊടുത്ത സി എ അബൂബക്കറില്‍നിന്ന് സംഗീതത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചറിഞ്ഞു. ഇതിനിടയില്‍ സിഎയുടെ ഭാര്യാപിതാവും മാപ്പിളപ്പാട്ടുരംഗത്തെ കുലപതിയുമായിരുന്ന എസ് എം കോയയെ പരിചയപ്പെട്ടു. ഹാര്‍മോണിയത്തിലെ അപൂര്‍വങ്ങളായ ചില പ്രയോഗങ്ങളുള്‍പ്പെടെ ഗുരുവില്‍നിന്ന് മനപ്പാഠമാക്കിയ അബൂബക്കര്‍ അങ്ങനെ ഉയരങ്ങളിലേക്ക് ചുവടുവച്ചു. കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന് വേദികളെ സമ്പന്നമാക്കാന്‍ ആ കൂട്ടുകെട്ടിനു സാധിച്ചു.
സിഎയുടെ മരണശേഷം കോഴിക്കോട് മാപ്പിള കലാ അക്കാദമിയുടെ സംഗീതട്രൂപ്പിലെത്തി. ഡല്‍ഹിയിലും കവരത്തി, ആന്ത്രോത്ത് ദ്വീപുകളിലും പരിപാടികള്‍ അവതരിപ്പിച്ചു. 1977 മുതല്‍ കോഴിക്കോട് ആകാശവാണിയില്‍ ബി ഹൈ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചുവരുകയാണ് ഈ ഗായകന്‍. തനിമയാര്‍ന്ന പാട്ടുകള്‍ എഴുതുന്നവരെ ഇഷ്ടപ്പെടുന്ന ഇദ്ദേഹം പി ടി അബ്ദുര്‍റഹ്മാന്‍, ഒ എം കരുവാരക്കുണ്ട്, ബാപ്പു വെള്ളിപറമ്പ്, പക്കര്‍ പന്നൂര്‍, ഹസന്‍ നെടിയനാട്, ഷാഹുല്‍ ഹമീദ് മാങ്ങാട്ടൂര്‍, ബദറുദ്ദീന്‍ നരിക്കുനി തുടങ്ങിയ മാപ്പിളകവികളുടെ വരികള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. ഖസീദ, നൊശീത, സെബീന, മുബീന, ഹസീന തുടങ്ങി പത്തോളം കാസറ്റുകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിക്കാനും ഇദ്ദേഹത്തിനായി. ഒട്ടേറെ താരാട്ടുപാട്ടുകള്‍ക്കും ഒപ്പനപ്പാട്ടുകള്‍ക്കും ഈണമിടാനും അബൂബക്കറിന് സാധിച്ചു.
ജീവിതം മുഴുവന്‍ മാപ്പിളപ്പാട്ടിനായി ഉഴിഞ്ഞുവച്ച ഇദ്ദേഹത്തിന് ഇന്നു സ്വന്തമായി വീടുപോലുമില്ല. ഭാര്യ ഫാത്തിമയ്‌ക്കൊപ്പം പാലാഴിയില്‍ വാടക വീട്ടിലാണു കഴിയുന്നത്.
Next Story

RELATED STORIES

Share it