Kottayam Local

പഴകിയ ഭക്ഷണസാധനങ്ങള്‍  പിടിച്ചെടുത്തു

ചങ്ങനാശ്ശേരി: നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഇന്നലെ രാവിലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കെടിഡിസിയുടേത് ഉള്‍പ്പെടെ ഏഴു സ്ഥാപനങ്ങളില്‍ നിന്ന് വില്‍പ്പനയ്ക്ക് വച്ചിരുന്ന പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു.
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ മനക്കച്ചിറയില്‍ ഉന്നതസൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന കൊണ്ടൂര്‍ റിസോര്‍ട്ട്, സമീപത്തെ കെടിഡിസിയുടെ നിയന്ത്രണത്തിലുള്ള ഭക്ഷണശാല, നഗരത്തിലെ മലബാര്‍, ബ്രീസ്, അമ്പാടി എന്നീ ഹോട്ടലുകളില്‍ നിന്നും ഒരു കഫേ, ഒരു തട്ടുകട എന്നിവടങ്ങില്‍ നിന്നുമാണ് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയത്.
പിടിച്ചെടുത്തവയില്‍ ഉച്ചക്ക് വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ചോറ്, പൊറോട്ട, ചപ്പാത്തി, ചിക്കന്‍ ഫ്രൈ, മീന്‍കറി, ഉള്ളിവട, ഉഴുന്നുവട, പരിപ്പുവട, പഴംപൊരി, ബിരിയാണി, മുളകുബജി തുടങ്ങിയവയും ഉള്‍പ്പെടുന്നു. ഇവ നഗരസഭയില്‍ കൊണ്ടുവന്നു പൊതുജനങ്ങള്‍ക്ക് കാണാന്‍ പാകത്തില്‍ ഹോട്ടലുകളുടെ പേരെഴുതി പ്രദര്‍ശിപ്പിച്ചശേഷം ഉച്ചയോടെ നശിപ്പിച്ചു. ഇവ സൂക്ഷിച്ചിരുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. പഴകിയ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചതായി ഇന്നലെ കണ്ടെത്തിയ സ്ഥാപനങ്ങളില്‍ ചിലതു നേരത്തേയും ഇതേകുറ്റത്തിന് പിടിക്കപ്പെട്ടിട്ടുള്ളതാണ്. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സൈനുദ്ദീന്‍, രാജീവ്, തൗഫീഖ്, ജയകുമാര്‍ എന്നിവര്‍ പരിശോധനക്കു നേതൃത്വം നല്‍കി.
നഗരത്തില്‍ പഴക്കം ചെന്ന ഭക്ഷണസാധനങ്ങള്‍ വില്‍പ്പന നടത്തുന്നതായും വൃത്തിയും വെടുപ്പുമില്ലാതെയാണ് ഇവ പാകം ചെയ്യുന്നതെന്നും നേരത്തെതന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. കൂടാതെ വഴിയോരങ്ങളിലെ തട്ടുകടകളില്‍ റോഡിലെ പൊടിപടലങ്ങള്‍ വീഴാതെ സൂക്ഷിക്കാന്‍ കച്ചവടക്കാര്‍ ശ്രദ്ധിക്കാറില്ലെന്നും ആക്ഷേപവും ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ഇന്നലെ പരിശോധന നടത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധനകള്‍ കര്‍ശനമാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it